തിരുവനന്തപുരം : നവ കേരള സദസ്സിനായി ഒരു കോടിയുടെ ബസ് വാങ്ങുന്നത് ആഡംബരം അല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിമാർ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ ആയാണ് ബസ് വാങ്ങുന്നതെന്നും ആന്റണി രാജു വ്യക്തമാക്കി. ബെൻസിന്റെ 25 സീറ്റുകൾ ഉള്ള ആഡംബര ബസ്സാണ് നവ കേരള സദസ്സിന് മന്ത്രിമാർക്ക് യാത്ര ചെയ്യാനായി ഒരുക്കുന്നത്.
ബസ് വാങ്ങുന്നത് ആർഭാടം ആണെന്ന വാദം ഗതാഗത മന്ത്രി തള്ളി. നവ കേരള സദസിൽ പങ്കെടുക്കാനായി 21 മന്ത്രിമാർ ഉണ്ടായിരിക്കും. ഇവരുടെ വാഹനങ്ങളും അകമ്പടിവാഹനങ്ങളും എല്ലാമായി 75 ലേറെ വാഹനങ്ങൾ ഉണ്ടായിരിക്കും. ഇത് വലിയ ട്രാഫിക്ക് ഒരുക്ക് ഉണ്ടാക്കുകയും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത് ഒഴിവാക്കാനാണ് ബസ് വാങ്ങുന്നതെന്നും ഗതാഗത മന്ത്രി അറിയിച്ചു.
മന്ത്രിമാർക്ക് യാത്ര ചെയ്യാനായി ഒരു കോടി മുടക്കി വാങ്ങുന്ന ബസ്സിൽ വലിയ ആഡംബരങ്ങൾ ഒന്നുമില്ലെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു. ബസ്സിൽ ശുചിമുറി ഉണ്ടായിരിക്കും. അല്ലാതെ മറ്റ് ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ബസ് നവീകരിക്കുന്നത് ആർഭാടത്തിനു വേണ്ടിയല്ല. ഈ ബസ് പിന്നീട് ടൂറിസത്തിനു വേണ്ടി വിട്ടു നൽകുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
Discussion about this post