ജമ്മു കശ്മിർ: ജമ്മു കശ്മിരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് അപകടം നടന്നത്. ബസിൽ 55 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ്, ഹൈവേയിൽ അസർ മേഖലയിൽ ട്രുങ്കലിന് സമീപം കുത്തനെയുള്ള ചരിവിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ കിഷ്ത്വാറിലെ ജില്ലാ ആശുപത്രിയിലേക്കും ദോഡയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്കും മാറ്റിയതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ദോഡ ജില്ലാ കമ്മീഷണർ ഹർവീന്ദർ സിങ്ങുമായി സംസാരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യും. കൂടുതൽ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ഹെലിക്കോപ്ടറിന്റെ സഹായവും എത്തിക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടികളും കൈക്കൊണ്ട് വരുന്നതായി മന്ത്രി ട്വിറ്ററിൽ കുറിച്ചു.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്. ‘ദോഡയിലെ അസാറിൽ നടന്ന ദാരുണമായ റോഡപകടത്തിൽ അഗാധമായ ഞെട്ടലും ദുഃഖവും തോന്നുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Discussion about this post