ന്യൂഡൽഹി : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ഫണ്ട് കൈപ്പറ്റിയ ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നോട്ടീസ് അയച്ചു. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ളയാളാണ് നെവിൽ. ചൈനയുടെ പ്രചരണം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ നെവിൽ റോയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലോകരാജ്യങ്ങളിൽ ചൈനയുടെ പ്രചാരവേല നിർവ്വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദ ന്യൂയോർക്ക് ടൈംസ് ആണ് നെവിൽരോയ് സിംഘത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ന്യൂസ് ക്ലിക്കിന് ധനസഹായം നൽകിയിരുന്നത് നെവിൽ റോയ് സിംഘമായിരുന്നു. ഇന്ത്യയുടെ പരമാധികാരം തകർക്കുന്നതിന് വേണ്ടി ചൈനയ്ക്ക് അനുകൂലമായി പ്രചാരണം നടത്താനായാണ് പണം നൽകിയത്. ന്യൂസ് ക്ലിക്ക് പോർട്ടലിന്റെ വിദേശഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം മാദ്ധ്യമപ്രവർത്തകരുടെ വസതികളിൽ ഉൾപ്പെടെ നൂറിലധികം സ്ഥലങ്ങളിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു.
റെയ്‌ഡിനെ തുടർന്ന് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുര്‍കയസ്ത,സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഎപിഎ പ്രകാരമാണ് ഡൽഹി പോലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Discussion about this post