കോഴിക്കോട് :കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിനാണ് ഭീഷണി കത്ത് ലഭിച്ചത്.
പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലേതുപോലെ കോഴിക്കോട്ടും പൊട്ടും, സൂക്ഷിച്ചോ എന്നാണ് കത്തിൽ ഉണ്ടായിരുന്നത്.പലസ്തീൻ ഐക്യദാർഢ്യമെന്ന പേരിൽ കോഴിക്കോട് ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കൾ ആണെന്നും കത്തിൽ പറയുന്നുണ്ട്. സിപിഐ (എംഎൽ )ന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. കത്ത് നടക്കാവ് പൊലീസിന് കൈമാറി.
കോഴിക്കോട് അടുത്ത ആഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. അതിനാൽ പോലീസ് അതീവ ജാഗ്രതയിലാണ്. ഭീഷണിക്കത്ത് ലഭിച്ചതിനെ തുടർന്ന് കേന്ദ്ര -സംസ്ഥാന ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിലും വയനാട്ടിലും പോലീസുകാരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. വയനാട്ടിലെ പേരിയയ്ക്കു സമീപമുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റുകൾ തലശ്ശേരിയിൽനിന്നും കോഴിക്കോട്ട് വന്നിറങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ട്.
Discussion about this post