കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ മുഖ്യപ്രതി സമദിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. സേലത്ത് നിന്ന് പിടികൂടിയ കൂട്ടു പ്രതി സുലൈമാനായി ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷ പോലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കും.
കഴിഞ്ഞ 13നാണ് സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയതായി സമദ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. സമദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നാടുകാണിച്ചുരത്തില്‍ പരിശോധന നടത്തി സൈനബയുടെ മൃതദേഹം കണ്ടെടുത്തത്. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നായിരുന്നു സമദിന്റെ മൊഴി. ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഏഴാം തിയതി മുതലാണ് സൈനബയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് മുഹമ്മദാലി പോലീസില്‍ പരാതി നല്‍കിയത്.
പ്രതികള്‍ സൈനബയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണവും പണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികളില്‍ നിന്ന് മറ്റൊരു സംഘം ഈ സ്വര്‍ണ്ണവും പണവും തട്ടിയെടുത്തതായി പോലീസ് വ്യക്തമാക്കി. 17 പവനും നാല് ലക്ഷം രൂപയും തട്ടിയെടുത്ത സംഘം തമിഴ്നാട്ടിലേക്ക് കടന്നുവെന്നും സുലൈമാനുമായുള്ള സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നാണ് സംഘം പണം തട്ടിയെടുത്തതെന്നും പോലീസ് അറിയിച്ചു.
Discussion about this post