ജയ്പുർ : രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദിയെ കർഷകർക്കൊപ്പം കാണാൻ കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചു.
രാജസ്ഥാനിലെ നോഹറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
” രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും പ്രധാനമന്ത്രി വിഡ്ഢികളായിട്ടാണ് കാണുന്നത്. രാജ്യത്തെ കർഷകർക്ക് ഒപ്പം ഒരിക്കലും അദ്ദേഹത്തെ കാണാൻ കഴിയില്ല. എന്നാൽ അദ്ദേഹം വിമാനത്തിൽ കയറി അമേരിക്കയിലേക്ക് പോകുന്നത് കാണാൻ കഴിയും. അവിടെ ജോ ബൈഡനോടൊപ്പം ചേർന്നു നിൽക്കുന്നതും കാണാം. അദാനിക്കൊപ്പവും അദ്ദേഹം നിൽക്കുന്ന ഫോട്ടോകൾ കാണാൻ കഴിയും. അവർ ശരിക്കും സുഹൃത്തുക്കളെ പോലെയാണ്” – രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രധാനമന്ത്രി പന്ത്രണ്ടായിരം കോടിയുടെ വിമാനത്തിലും 12 കോടിയുടെ കാറിലുമാണ് യാത്ര ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ” രാജസ്ഥാനിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസിന്റെ എല്ലാ പ്രവർത്തനങ്ങളും തടയും. സംസ്ഥാനത്ത് കോൺഗ്രസ് നൽകിവന്നിരുന്ന ആദായങ്ങളൊന്നും പിന്നെ ജനങ്ങൾക്ക് ലഭിക്കില്ല. കോൺഗ്രസിന് വോട്ട് ചെയ്താൽ മാത്രമേ പാവപ്പെട്ടവർക്കും കർഷകർക്കും നേട്ടം ഉണ്ടാകൂ” എന്നും രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് റാലിയിൽ വ്യക്തമാക്കി.








