ഒരിടവേളയ്ക്കുശേഷം അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ അതിശക്തമായ സൈനിക നടപടിയുമായി പാകിസ്താൻ. കറാച്ചിയിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി മേഖലകളിൽ പാക് സൈന്യം നടത്തിയ വ്യോമ-കരസേനാ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. അതിർത്തി കടന്ന് അഫ്ഗാൻ മണ്ണിലുള്ള താവളങ്ങളും സുരക്ഷിത ഒളിയിടങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്താൻ്റെ സൈനിക നീക്കം. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പക്ടിയ, പക്ടിക്ക, കുനാർ എന്നീ മൂന്ന് പ്രവിശ്യകളിലെ ഭീകര കേന്ദ്രങ്ങളെയാണ് പാക് സൈന്യം ബോംബിട്ട് തകർത്തത്.
പാകിസ്താനിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്കും സ്ഫോടനങ്ങൾക്കും ഉള്ള കനത്ത മറുപടിയായാണ് തങ്ങളുടെ സൈന്യത്തിന്റെ ഈ നീക്കമെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്താവുല്ല തരാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിർത്തിയിലെ പുതിയ സൈനിക നീക്കത്തോടെ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.
കറാച്ചിയിൽ ചൈനീസ് പൗരന്മാർക്ക് നേരെയും സുരക്ഷാസേനയ്ക്ക് നേരെയും അടുത്തിടെയുണ്ടായ വൻ സ്ഫോടനങ്ങൾക്ക് പിന്നിൽ അഫ്ഗാൻ മണ്ണിൽ അഭയം തേടിയ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP) പോലുള്ള നിരോധിത സംഘടനകളാണെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. കറാച്ചി സ്ഫോടനത്തിന്റെ ആസൂത്രകരെയും ഒളിത്താവളങ്ങളെയും കുറിച്ച് ലഭിച്ച കൃത്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാക് സൈന്യം അതിർത്തി കടന്ന് മിന്നലാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഭീകര സംഘടനകളിലെ ഉയർന്ന കമാൻഡർമാരാണെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പാകിസ്താൻ്റെ ഈ ഏകപക്ഷീയമായ അധിനിവേശത്തിനെതിരെ കടുത്ത അമർഷവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്.
തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും തക്കതായ മറുപടി നൽകുമെന്നും താലിബാൻ വക്താക്കൾ മുന്നറിയിപ്പ് നൽകി. അഫ്ഗാൻ അതിർത്തി കടന്നുള്ള പാക് ആക്രമണം മേഖലയിലെ സമാധാന അന്തരീക്ഷം പൂർണ്ണമായി തകർക്കുമെന്നും, വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ വൻ സൈനിക ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധ്യതയുണ്ടെന്നുമാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.












