കാലിഫോർണിയ : ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച കാലിഫോർണിയയിൽ വെച്ച് നടന്നത്. നീണ്ടകാലത്തെ അസ്വാരസ്യങ്ങൾക്ക് ശേഷമാണ് അമേരിക്കയും ചൈനയും തമ്മിൽ ഒരു ഉഭയകക്ഷി ചർച്ച നടത്തുന്നത്. പ്രധാനമായും അഞ്ചു വിഷയങ്ങളാണ് ഈ ചർച്ചയിൽ ഒരു ഉരുത്തിരിഞ്ഞതെന്നാണ് യുഎസ് ഉന്നതതല ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
1. കാലാവസ്ഥാ വ്യതിയാനത്തെ ഒറ്റക്കെട്ടായി നേരിടും.
ലോകത്തിലെ ഏറ്റവും വലിയ കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളായ അമേരിക്കയും ചൈനയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള തുടർനടപടികൾ പരസ്പരം അംഗീകരിച്ചു. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമേണ മാത്രമായിരിക്കും അവസാനിപ്പിക്കുക. മീഥേൻ ഉദ്‌വമനം മന്ദഗതിയിലാക്കാൻ സഹകരിക്കുമെന്നും 2030-ഓടെ പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കാനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഇരു രാജ്യങ്ങളും വാഗ്ദാനം ചെയ്തു. ഈ മാസം അവസാനം ദുബായിൽ നടക്കാനിരിക്കുന്ന COP28 എന്ന പ്രധാന കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ മുന്നോടിയായുള്ള ശ്രദ്ധേയമായ തീരുമാനമാണ് അമേരിക്കയും ചൈനയും സ്വീകരിച്ചിട്ടുള്ളത്.
2. മയക്കുമരുന്ന് കടത്ത് കൈകാര്യം ചെയ്യുന്നതിൽ സഹകരിക്കും.
മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ സഹകരിക്കുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. ചൈനയിൽ നിന്ന് യുഎസിലേക്കുള്ള അനധികൃത ഫെന്റനൈലിന്റെ കടത്ത് തടയുന്നതിന് കെമിക്കൽ കമ്പനികൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ചൈന അറിയിച്ചു. കഴിഞ്ഞ വർഷം യുഎസിൽ നടന്ന 75,000 മരണങ്ങളിൽ ശക്തമായ സിന്തറ്റിക് ഒപിയോയിഡ് ആണ് പ്രധാന കാരണമായത്.
3. സൈനിക ആശയവിനിമയം പുനരാരംഭിക്കും.
അമേരിക്കയും ചൈനയും തമ്മിലുള്ള സൈനിക ആശയവിനിമയം പുനരാരംഭിക്കുന്നതിനും ഇരു രാജ്യങ്ങളും സമ്മതിച്ചു. കഴിഞ്ഞ വർഷം യുഎസ് പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിനെ തുടർന്നാണ് ചൈന യുഎസുമായുള്ള സൈനിക ബന്ധം വിച്ഛേദിച്ചിരുന്നത്. ഈ വർഷം ആദ്യം ചൈനീസ് ചാര ബലൂൺ യുഎസ് ഭൂഖണ്ഡത്തിലൂടെ പറന്നെത്തിയതിന് തുടർന്ന് ബന്ധം കൂടുതൽ വഷളായിരുന്നു.
4. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരും.
തെറ്റിദ്ധാരണകളും തെറ്റായ ആശയവിനിമയങ്ങളും ഇല്ലാതെ പരസ്പരം വ്യക്തമായി മനസ്സിലാക്കുന്നത് പരമപ്രധാനമാണെന്ന് കരുതുന്നതായി ജോ ബൈഡൻ ചർച്ചയിൽ സൂചിപ്പിച്ചു. ഇത് ചൈനീസ് പ്രസിഡന്റ്സമ്മതിച്ചു. സംഘട്ടനവും ഏറ്റുമുട്ടലും ഇരുവിഭാഗത്തിനും താങ്ങാനാവാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഷി ജിൻപിംഗ് വ്യക്തമാക്കി.
5. അമേരിക്കയിലേക്ക് പാണ്ടകളെ നൽകാൻ ചൈന സമ്മതിച്ചു.
യുഎസ് മൃഗശാലകളിലേക്ക് കൂടുതൽ പാണ്ടകളെ നൽകാൻ ബീജിംഗ് തയ്യാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഷി ജിൻപിംഗ് സൂചിപ്പിച്ചു. അമേരിക്കയിലെ മൃഗശാലകളിൽ പാണ്ടകളെ കാണാനായി കുട്ടികൾ ആഗ്രഹിക്കുന്നുണ്ടെന്ന് ബൈഡൻ വ്യക്തമാക്കി. പാണ്ടകളെ ദേശീയ നിധിയായി കാണുന്ന ചൈന – മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം വളർത്തിയെടുക്കാൻ പാണ്ട നയതന്ത്രം എന്ന് വിളിക്കപ്പെടുന്ന പാണ്ട കൈമാറ്റം പതിറ്റാണ്ടുകളായി നടത്തി വരുന്നുണ്ട്. ചൈനീസ്-അമേരിക്കൻ ജനതകൾ തമ്മിലുള്ള സൗഹൃദത്തിന്റെ ദൂതന്മാരാണ് പാണ്ടകളെന്ന് ബുധനാഴ്ച രാത്രി നടന്ന അത്താഴവിരുന്നിൽ ബിസിനസ്സ് നേതാക്കളുടെ സദസ്സിനോട് ഷി ജിൻപിംഗ് അറിയിച്ചു.
Discussion about this post