കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം വിജയകരമായി ആരംഭിച്ച് ഇന്ത്യ. കുവൈറ്റിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചാണ് ലോകകപ്പ് സാധ്യത ഇന്ത്യ സജീവമാക്കിയത്.
എഴുപത്തിയഞ്ചാം മിനിറ്റിൽ വിംഗർ മൻവീന്ദർ സിംഗാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിൽ ഉടനീളം കുവൈറ്റ് പുലർത്തിയ ആധിപത്യം മറികടന്നാണ് അവരുടെ നാട്ടിൽ ഇന്ത്യ വിജയം നേടിയത്.
മലയാളി താരം സഹൽ അബ്ദുൾ സമദ്, നിഖിൽ പൂജാരി, സുനിൽ ഛേത്രി, സുരേഷ് സിംഗ് എന്നിവരെല്ലാം കുവൈറ്റിന്റെ പകുതിയിൽ തുടരെ ആക്രമണം അഴിച്ചു വിട്ടതോടെ മത്സരത്തിൽ മേൽക്കൈ ഇന്ത്യക്കായി. കിട്ടിയ നിരവധി അവസരങ്ങൾ കുവൈറ്റ് പാഴാക്കുകയും ചെയ്തു.
സന്ദേശ് ജിംഗന്റെ നേതൃത്ത്വത്തിൽ ഇന്ത്യ പ്രതിരോധക്കോട്ട തീർത്തതൊടെ കുവൈറ്റിന്റെ ആക്രമണങ്ങൾ ദുർബലമായി. അവസാന നിമിഷം സമനില ഗോളിനായി കുവൈറ്റ് കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും, ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികച്ച സേവുകൾ ഇന്ത്യക്ക് രക്ഷയായി.
ജൂലൈയിൽ നടന്ന സാഫ് കപ്പ് ഫൈനലിലും ഇന്ത്യ കുവൈറ്റിനെ പരാജയപ്പെടുത്തിയിരുന്നു. മുഴുവൻ സമയത്ത് 1-1 എന്ന നിലയിൽ സമനില പാലിച്ച ശേഷം ഷൂട്ടൗട്ടിൽ 5-4നായിരുന്നു ഇന്ത്യയുടെ കിരീട വിജയം.
ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ നവംബർ 21ന് കരുത്തരായ ഖത്തറിനെയാണ് ഇന്ത്യക്ക് ഇനി നേരിടാനുള്ളത്. അഫ്ഗാനിസ്ഥാനാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. ഹോം- എവേ റൗണ്ട് റോബിൻ ഫോർമാറ്റിൽ ഈ നാല് ടീമുകളും പരസ്പരം ഏറ്റുമുട്ടും.
ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ 2026 ഫിഫ ലോകകപ്പ് എ എഫ് സി യോഗ്യതാ റൗണ്ടിലേക്കും 2027 എ എഫ് സി ഏഷ്യൻ കപ്പിലേക്ക് നേരിട്ടും യോഗ്യത നേടും.
Discussion about this post