മലപ്പുറം: ലീഗ് എംഎൽഎ പി അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അബ്ദുൾ ഹമീദ് വഞ്ചകനാണെന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിർദ്ദേശം ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വഞ്ചകൻ എന്ന തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പാർട്ടികളെയും അണികളെയും അബ്ദുൾ ഹമീദ് വഞ്ചിച്ചുവെന്നാണ് പോസ്റ്ററിൽ പറയുന്നത്. വഞ്ചകനായ യൂദാസ് ആണ് അബ്ദുൾ ഹമീദ് എന്ന് പോസ്റ്ററിൽ പറയുന്നു. വഞ്ചകനായ അബ്ദുൾ ഹമീദിനെ പുറത്താക്കണം എന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്.
ലീഗുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് നിലവിൽ സിപിഎം. ഇതിന്റെ ഭാഗമായിട്ടാണ് അബ്ദുൾ ഹമീദിന് കേരള ബാങ്ക് ഭരണസമിതി അംഗമാക്കാനുള്ള നാമനിർദ്ദേശം. ഇതിനെതിരെ ലീഗിലെ ചിലരിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഇവരാണ് പോസ്റ്ററുകൾക്ക് പിന്നിൽ എന്നാണ് സൂചന.
സിപിഎം നേതാവ് ഗോപി കോട്ടമുറിക്കൽ പ്രസിഡന്റായ കേരള ബാങ്ക് ഭരണസമിതിയിൽ നിലവിൽ സിപിഎം നേതാക്കളോ എൽഡിഎഫ് ഘടകകക്ഷി നേതാക്കളോ മാത്രമാണ് ഉള്ളത്. ഇതിനിടയിലേക്കാണ് അബ്ദുൾ ഹമീദിനായുള്ള നാമനിർദ്ദേശം. മുതിർന്ന സിപിഎം നേതാക്കളെ അടക്കം മറികടന്നാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
Discussion about this post