ഹൈദരാബാദ് : തെരഞ്ഞെടുപ്പിന് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്ന ചരിത്രം കോൺഗ്രസിന് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ഒവൈസി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്. ചരിത്രപരമായി വഞ്ചനയാണ് കോൺഗ്രസിന്റെ മുഖമുദ്ര എന്നും അദ്ദേഹം വ്യക്തമാക്കി.
“കർണാടകയിലെ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് 5 ഗ്യാരണ്ടികൾ ഉറപ്പു നൽകി. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ഒന്നും തന്നെ പാലിക്കപ്പെട്ടില്ല. കർണാടകയിൽ ഇപ്പോൾ പാവപ്പെട്ട കുട്ടികളുടെ സ്കോളർഷിപ്പ് പോലും വെട്ടി കുറച്ചു. കർഷകർ പോലും ദുരിതത്തിലാണ്. ഇപ്പോൾ തെലങ്കാനയിലെ തിരഞ്ഞെടുപ്പിന് കോൺഗ്രസ് 6 ഉറപ്പുകൾ ആണ് നൽകുന്നത്. വാഗ്ദാനങ്ങൾ നൽകുന്നതിൽ മാത്രമാണ് അവർക്ക് ശ്രദ്ധയുള്ളത് ” എന്നാണ് ഒവൈസി വിമർശനമുന്നയിച്ചത്.
“തെലങ്കാനയിൽ പ്രക്ഷോഭത്തിനിടെ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ പോലും എത്രയോ നാളുകൾ വൈകിയാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഒരു ക്ഷമാപണം പോലും ഉണ്ടായത്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ വിഭജനം ശരിയായ രീതിയിൽ നടപ്പാക്കാത്തതിന് കോൺഗ്രസ് ആണ് ഉത്തരവാദി. നദീജലം പങ്കിടൽ, ആന്ധ്രാപ്രദേശും തെലങ്കാനയും തമ്മിലുള്ള ആസ്തി വിഭജനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല” എന്നും ഒവൈസി ആരോപിച്ചു. തെലങ്കാനയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒമ്പത് സീറ്റുകളിലും എഐഎംഐഎം വിജയിക്കുമെന്നും ഒവൈസി സൂചിപ്പിച്ചു.
Discussion about this post