ആലപ്പുഴ: തകഴിയിൽ വായ്പ ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്. മരിച്ച കർഷകൻ പ്രസാദിന് സിബിൽ സ്‌കോറിൽ കുറവ് ഇല്ലെന്നും, വായ്പയ്ക്കായി ബാങ്കിൽ ചെന്നില്ലെന്നുമാണ് മന്ത്രിയുടെ വാദം. ആലപ്പുഴ കളക്ടറേറ്റിൽ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൂന്ന് ബാങ്കുകളിൽ വായ്പയ്ക്കായി ചെന്നുവെന്നും എന്നാൽ ആരും പണം നൽകിയില്ലെന്നുമായിരുന്നു പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ വായ്പയ്ക്കായി പ്രസാദ് സമീപിച്ചിട്ടില്ലെന്നാണ് ബാങ്കുകൾ പറയുന്നത് എന്ന് മന്ത്രി പറഞ്ഞു. ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. ബാങ്കിനെ സമീപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. അല്ലാത്ത ഒരാൾ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതുമെന്ന് കരുതുന്നില്ല. പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പാണ് ഇപ്പോൾ വിശ്വസിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിബിൽ സ്‌കോർ പരിശോധിച്ചപ്പോൾ പ്രസാദിന് 812 ഉണ്ട്. ഇത് ഉയർന്ന സ്‌കോർ ആണ്. ഉയർന്ന സ്‌കോറുള്ള ഒരാൾക്ക് എന്തുകൊണ്ടാണ് വായ്പ നൽകാതിരുന്നത് എന്ന് പരിശോധിക്കും. പിആർഎസ് വായ്പയുടെ പേരിൽ കർഷകർക്ക് മറ്റ് വായ്പകൾ നിഷേധിക്കുന്നില്ലെന്നാണ് ബാങ്കുകളുടെ യോഗത്തിൽ നിലപാട് എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
പിആർഎസ് വായ്പ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിഭാഗവുമായി ഇതേക്കുറിച്ച് ചർച്ച ചെയ്യാമെന്ന് ബാങ്കുകൾ ഉറപ്പ് നൽകി. ഇതിനായി എസ്എൽബിസി കൺവീനറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകൾക്ക് കർഷക വിരുദ്ധ സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കർഷകരോട് പിണറായി സർക്കാർ കടുത്ത അവഗണനയാണ് തുടരുന്നത്. ഇതിനെതിരെ കർഷകരിൽ നിന്നും ഏറെ നാളായി ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് വായ്പ ലഭിക്കാതെയുള്ള കർഷകന്റെ ആത്മഹത്യ. ഇതോടെ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയിരിക്കുകയാണ്. വിമർശനങ്ങളിൽ നിന്നും മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിയുടെ പ്രസ്താവന.
Discussion about this post