തിരുവനന്തപുരം : രാഷ്ട്രീയത്തിൽ അത്ര വലിയ താരപരിവേഷമില്ലാതിരുന്ന സുരേഷ് ഗോപിക്ക് സൂപ്പർതാര പരിവേഷം ഉണ്ടാക്കിക്കൊടുത്തത് സിപിഎം ആണെന്ന് ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ഉള്ള ക്വട്ടേഷനും സിപിഎം ഏറ്റെടുത്തിട്ടുണ്ടോ എന്നാണ് സംശയം എന്നും അദ്ദേഹം വിമർശനമുന്നയിച്ചു.
സിപിഎമ്മും അവരുടെ സൈബറിടങ്ങളും നടത്തുന്ന പ്രവൃത്തികൾ സുരേഷ് ഗോപിക്ക് ജനങ്ങളുടെ ഇടയിൽ വലിയ താര പരിവേഷമാണ് ഉണ്ടാക്കി കൊടുക്കുന്നതെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. “ഇവരുടെ പ്രവൃത്തികൾ സുരേഷ് ഗോപിക്ക് വലിയ സിംപതിയാണ് ഉണ്ടാക്കി കൊടുക്കുന്നത്. തൃശ്ശൂരിൽ എന്തായാലും എൽഡിഎഫ് ജയിക്കില്ലെന്ന് അവർക്കറിയാം. എന്നാൽ പിന്നെ സുരേഷ് ഗോപി ജയിക്കട്ടെ എന്ന് കരുതി നടത്തുന്ന ബോധപൂർവമായ ശ്രമമാണോ ഇതെന്ന് സംശയം തോന്നുകയാണ്”- ഷിബു ബേബി ജോൺ വ്യക്തമാക്കി.
” നവ കേരള സദസ്സ് എന്ന പേരിൽ ഇപ്പോൾ മുഖ്യമന്ത്രിയും കൂട്ടരും ജനങ്ങൾക്ക് അടുത്തേക്ക് ചെല്ലുകയാണ്. മുഖ്യമന്ത്രിയായി കഴിഞ്ഞ് എട്ടുവർഷമെടുത്തു പിണറായി വിജയന് ജനങ്ങൾക്കിടയിലേക്ക് ചെല്ലണമെന്ന് തോന്നാൻ. എന്താണ് ഇവർ ഉദ്ദേശിക്കുന്ന നവകേരളം? മയക്കുമരുന്നിന്റെ വ്യാപനം വർധിക്കുകയും അതിന്റെ പേരിൽ കുറ്റകൃത്യങ്ങൾ പെരുകുകയും ചെയ്യുന്ന കേരളമാണോ നവകേരളം? ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനമാണെന്ന് അവകാശപ്പെടുന്ന കേരളത്തിൽ എക്സ്പിയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യുന്നതാണോ നവകേരളം? വിദ്യാഭ്യാസത്തിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറുന്നതാണോ നവകേരളം? ഇതിനെക്കുറിച്ച് എല്ലാം മുഖ്യമന്ത്രി വിശദീകരണം നൽകണം” എന്നും ഷിബു ബേബി ജോൺ രൂക്ഷമായി വിമർശിച്ചു.
Discussion about this post