തിരുവനന്തപുരം: നവകേരള സദസ്സിനായി കേരളത്തിൽ എത്തിക്കുന്ന ആഡംബര ബസിൽ മുഖ്യമന്ത്രിയ്ക്കിരിക്കാൻ കറങ്ങുന്ന കസേര. ചൈനയിൽ നിന്നുമാണ് ബസിന്റെ നിർമ്മാതാക്കൾ മുഖ്യമന്ത്രിയ്ക്കായുള്ള പ്രത്യേക കസേര എത്തിച്ചിരിക്കുന്നത്. പടി കയറുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസിൽ ലിഫ്റ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
കെഎൽ 15 എ 2689 എന്നാണ് ബസിന്റെ നമ്പർ. കഴിഞ്ഞ മാസം ഏഴിനായിരുന്നു ബസ് കേരളത്തിൽ എത്തിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. തുടർന്ന് തിരികെ കൊണ്ടുപോയി ബസിന് ചോക്ലേറ്റ് ബ്രൗൺ നിറം നൽകി. ആദ്യം ചിത്രങ്ങൾ ഉൾപ്പെടെ സ്റ്റിക്കർ പതിപ്പിക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പിന്നീട് ഈ ആലോചന മാറ്റുകയായിരുന്നു. നിലവിൽ കേരള സർക്കാരിന്റെ ചഹ്നം മാത്രമാണ് ബസിൽ പതിപ്പിച്ചിരിക്കുന്നത്.
ആഡംബ ബസിൽ മുഖ്യമന്ത്രിയ്ക്കായി പ്രത്യേക ക്യാബിൻ ഒരുക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കറങ്ങുന്ന കസേരമതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കസേര ചൈനയിൽ നിന്നും എത്തിച്ചത്. എല്ലാ പണികളും പൂർത്തിയാക്കി കഴിഞ്ഞ മാസം ആദ്യ ആഴ്ച ബസ് കേരളത്തിന് കൈമാറുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കസേര എത്താനുണ്ടായ കാലതാമസം ബാക്കിയുള്ള പണികളെയും ബാധിക്കുകയായിരുന്നു. ഓർഡർ ചെയ്ത് ഒന്നരമാസം കഴിഞ്ഞാണ് കസേര ബംഗളൂരുവിൽ എത്തിയത്.
ആദ്യമായാണ് ബസിൽ ഇത്തരമൊരു സൗകര്യം പരീക്ഷിക്കുന്നത്. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ ഇരിക്കുന്ന സീറ്റിലേക്ക് എത്തിക്കുന്ന തരത്തിലാണ് ലിഫ്റ്റ് സംവിധാനം. ആളുകൾ എല്ലാവരും കയറി കഴിഞ്ഞാൽ ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്ക് മാറും. ഇതും കേരളത്തിൽ ആദ്യമായിട്ടാണ് പരീക്ഷിക്കുന്നത്.
Discussion about this post