മുംബൈ: മുംബൈ നഗരത്തിൽ വൈദ്യുതി ബില്ലിന്റെ പേരിലും തട്ടിപ്പ്. 72കാരനായ രഘുനാഥ് കരംബേൽക്കർ ആണ് തട്ടിപ്പിനിരയായത്. മുംബൈ മുലുണ്ടിലെ മുൻ മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനാണ് രഘുനാഥ് കരംബേൽക്കർ. ഏഴര ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്നും പ്രതികൾ തട്ടിഴയടുത്തത്.
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ പേരിലാണ് രഘുനാഥിന് വ്യാജസന്ദേശം എത്തിയത്. മുൻ മാസങ്ങളിലെ ബില്ല് അടയ്ക്കാനുണ്ടെന്നും പണമടച്ചില്ലെങ്കിൽ ഉടൻ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് സന്ദേശം വന്നത്. ബില്ലുകളെല്ലാം താൻ തീർപ്പാക്കിയെന്ന് രഘുനാഥ് മറുപടി നൽകിയെങ്കിലും തട്ടിപ്പുകാർ ഇത് സമ്മതിച്ചില്ല.
തുടർന്ന്, തട്ടിപ്പുസംഘം രഘുനാഥിന്റെ വാട്‌സ്ആപ്പിലേക്ക് ഒരു ലിങ്ക് അയച്ച്, അതിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ ഫോണിൽ ലിങ്ക് തുറക്കാൻ സാധിക്കാത്തത് കൊണ്ട് രഘുനാഥിന്റെ ഭാര്യയുടെ ഫോണിലാണ് ലിങ്ക് തുറന്നത്. ലിങ്ക് തുറന്നപ്പോൾ, വ്യക്തിഗത വിവരങ്ങൾ നൽകാനും അഞ്ചു രൂപ അടയ്ക്കാനുമാണ് സൈബർ തട്ടിപ്പു സംഘം ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് പിന്നാലെ രണ്ട് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന ഏഴര ലക്ഷം രൂപ പിൻവലിച്ചെന്ന സന്ദേശം വന്നു. ഇതോടെയാണ് തട്ടിപ്പായിരുന്നെന്ന് വ്യക്തമായത്. തുടർന്ന് ഇരുവരും പരാതിയുമായി സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പണം കൈമാറിയ അക്കൗണ്ടുകൾ പരിശോധിച്ചതായും പോലീസ് അറിയിച്ചു. തട്ടിപ്പുകാർ ഉപയോഗിച്ച ഫോൺ നമ്പറുകൾ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്.
Discussion about this post