ന്യൂഡൽഹി: വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ പങ്കുവച്ചത്. മത്സരം നേരിട്ട് കാണാൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിൽ എത്തുന്നുണ്ട്.
ടീം ഇന്ത്യയ്ക്ക് വിജയാശംസകൾ. 140 കോടി ഇന്ത്യക്കാർ ആവേശത്തിലാണ്. വീണ്ടും തിളങ്ങട്ടെ. നന്നായി കളിക്കുക. രാജ്യത്തിന്റെ കായികാഭ്യാസ വൈദഗ്ദ്ധ്യം ഒരിക്കൽ കൂടി ഉയർത്തിപ്പിടിക്കാൻ കഴിയട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ. മത്സരത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ആണ് ഏറ്റുമുട്ടുന്നത്. നരേന്ദ്ര മോദിയ്‌ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും സ്റ്റേഡിയത്തിൽ എത്തി മത്സരം കാണും.








