ഇംഫാൽ : ആകാശത്ത് ഒരു അജ്ഞാത വസ്തു ചുറ്റിക്കറങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്നു മണിക്കൂറോളം സമയം നിർത്തിവച്ചു. ഉച്ചയ്ക്ക് 2 30 ഓടെ ആയിരുന്നു വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്ത് ഒരു അജ്ഞാത വസ്തു ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയത്.
ഇംഫാലിലെ ബിർ തികെന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ഈ അജ്ഞാത വസ്തു കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ പ്രവർത്തനം ദീർഘനേരം നിർത്തിവയ്ക്കേണ്ടിവന്നത് ഇംഫാലിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളെ ബാധിച്ചു. ഈ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
500 ൽ ഏറെ യാത്രക്കാരാണ് മൂന്ന് മണിക്കൂറോളം സമയം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നത്. സുരക്ഷാ അനുമതി ലഭിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ പ്രവർത്തനം പുനരാരംഭിച്ചു. വിമാനത്താവളത്തിന് മുകളിൽ കണ്ട പറക്കുന്ന വസ്തു എന്താണെന്ന് കണ്ടെത്താൻ എയർപോർട്ട് അധികൃതർക്ക് കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post