അഹമ്മദാബാദ് : തോൽവിയിലും ജയത്തിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടൊപ്പം തന്നെ നിൽക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകകപ്പ് ക്രിക്കറ്റിലെ ഓസ്ട്രേലിയയുടെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മൊട്ടേര സ്റ്റേഡിയത്തിൽ ലോകകപ്പ് മത്സരത്തിലെ അവസാന ചില ഓവറുകൾക്ക് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.
“പ്രിയപ്പെട്ട ടീം ഇന്ത്യ, ലോകകപ്പിലെ നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമാണ്. നിങ്ങൾ ആത്മസമർപ്പണത്തോടെ കളിക്കുകയും രാജ്യത്തിന് വളരെയധികം അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പം തന്നെ ഉണ്ടാകും.” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ലോകകപ്പ് ഫൈനൽ കാണാനായി സ്റ്റേഡിയത്തിൽ എത്തിയത്. ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസും ഫൈനൽ മത്സരം കാണാനായി എത്തിയിരുന്നു.
ഇന്ത്യയെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം ഓസ്ട്രേലിയയെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല. “മനോഹരമായ ലോകകപ്പ് വിജയത്തിന് ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു നിങ്ങളുടേത്. അത് മികച്ച വിജയത്തിൽ കലാശിക്കുകയും ചെയ്തു. ഇന്നത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗെയിമിന് ട്രാവിസ് ഹെഡിന് അഭിനന്ദനങ്ങൾ” എന്നാണ് മോദി ഓസ്ട്രേലിയക്കായി കുറിച്ചത്.
Discussion about this post