ലക്‌നൗ : ഉത്തർപ്രദേശിൽ ഹലാൽ ഉത്പന്നങ്ങളുടെ നിർമാണവും സംഭരണവും വിപണനവും നിരോധിച്ചു. കയറ്റുമതിക്ക് മാത്രമുള്ള ഉൽപ്പന്നങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഹലാൽ മുദ്രയുള്ള ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് വിൽപ്പന നടത്താനാവില്ല. ഇന്ത്യൻ നിയമമനുസരിച്ചുള്ള ഗുണനിലവാര മുദ്രയാണ് ഉത്പന്നങ്ങളിൽ വേണ്ടത് എന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
“ഭക്ഷ്യ ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണ്. ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.” എന്നാണ് ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നത്. ‘ഉത്തർപ്രദേശിൽ ഹലാൽ സാക്ഷ്യപ്പെടുത്തലുമായി വിൽപ്പന നടത്തുന്ന മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ ഉത്പാദനം, സംഭരണം, വിതരണം, വാങ്ങൽ, വിൽപന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കർശനമായ നിയമ നടപടികൾ നടപ്പിലാക്കും” എന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശം ഇന്ത്യൻ നിയമത്തിലെ സെക്ഷൻ 29 പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾക്കും അധികാരികൾക്കും മാത്രമാണുള്ളതെന്നും ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. ഇത്തരത്തിൽ നിയമപരമായി അധികാരത്തിൽ ഉള്ളവരാണ് നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് പ്രസക്തമായ മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടത് എന്നും സർക്കാർ സൂചിപ്പിച്ചു.
Discussion about this post