ന്യൂഡൽഹി: പാഠ്യപദ്ധതിയിൽ വേദങ്ങളും ഇന്ത്യൻ ഭാഷകളും ഉൾപ്പെടുത്തുന്ന പദ്ധതിക്കായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 100 കോടി നീക്കിവെച്ചെന്ന്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും വേദപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനുളള തടസങ്ങൾ നീക്കുന്നതിന് വഴിയൊരുക്കുന്നതാണ് നീക്കം.
വേദപഠനം അംഗീകരിക്കാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർ നടപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം. പുതിയ തലമുറകളെ ഇന്ത്യൻ ഭാഷകളുമായും സാഹിത്യങ്ങളുമായും സംസ്‌കൃതം ഉൾപ്പെടെയുള്ള പൈതൃകങ്ങളുമായും ബന്ധിപ്പിക്കാൻ ഈ നീക്കങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വേദങ്ങളിൽ നിന്നും അറിവും മൂല്യങ്ങളും ഉൾക്കൊള്ളണം. അതിലെ സന്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നിവയിലേക്ക് നമുക്ക് നീങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ ലക്ഷ്മി പുരാണത്തിന്റെ സംസ്‌കൃത വിവർത്തനം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പത്താം ക്ലാസ് (വേദഭൂഷൺ), പന്ത്രണ്ടാം ക്ലാസ് (വേദവിഭൂഷൺ) പരീക്ഷകളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് മെഡിസിൻ, എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്ക് ഇനി യോഗ്യത നേടാം. നേരത്തെ മറ്റ് കോളജുകളിൽ പ്രവേശനം നേടണമെങ്കിൽ ഇവർക്ക് നാഷണൽ ഓപ്പൺ സ്‌കൂളിങ് എക്‌സാമിനേഷൻ പരീക്ഷ പ്രത്യേകം എഴുതേണ്ടതുണ്ടായിരുന്നു.
ഭാരതീയ ശിക്ഷാ ബോർഡ് (ബിഎസ്ബി), മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ സംസ്‌കൃത ശിക്ഷാ ബോർഡ് (എംഎസ്ആർവിഎസ്എസ്ബി), മഹർഷി സാന്ദിപനി രാഷ്ട്രീയ വേദ് വിദ്യാ പ്രതിസ്ഥാൻ (എംഎസ്ആർവിവിപി) തുടങ്ങിയ വേദിക് ബോർഡുകളിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇത് ഏറെ പ്രയോജനം ചെയ്യുക.
Discussion about this post