ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് 216 ഓളം മണിക്കൂറുകൾ പിന്നിട്ടു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി അന്താരാഷ്ട്ര ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷൻ പ്രസിഡന്റ് അർനോൾഡ് ഡിക്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.
തുരങ്കനിർമ്മാണ രംഗത്തെ പ്രഗത്ഭനായ അദ്ദേഹം, അപകട സ്ഥലത്ത്, പരിശോധന നടത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ഏറ്റവും വേഗത്തിൽ തന്നെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ഞങ്ങൾ അവരെ പുറത്തെത്തിക്കാൻ പോകുന്നു. മികച്ച തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഞങ്ങളുടെ മുഴുവൻ സംഘവും ഇവിടെയുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതല്ല പ്രധാനം, അവരെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതാണ്. മുഴുവൻ ലോകവും സഹായത്തിനായി ഉണ്ട്. മികച്ച സുരക്ഷാ സംഘമാണ് ഇവിടെ രക്ഷാപ്രവർത്തനത്തിനായി ഉള്ളത്. ഇവിടെ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളും മികച്ച രീതിയിലും ചിട്ടയായും ആണ് നടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവർക്കുള്ള ഭക്ഷണവും മരുന്നുകളും കൃത്യമായി നൽകുന്നുണ്ട്’- പ്രൊഫസർ ഡിക്സ് പറഞ്ഞു.
അതേസമയം, ഉത്തരാഖണ്ഡ് സർക്കാരും കേന്ദ്രവും നിരന്തരമായി തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ഇവരുടെ മനോവീര്യം നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. ഇവർക്ക് ആവശ്യമായ വെള്ളവും വെളിച്ചവും ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്ത് ഭക്ഷണവും വെളളവും കൂടുതലായി എത്തിക്കാൻ കൂടുതൽ പൈപ്പ് ലൈൻ തുരങ്കങ്ങൾ നിർമിക്കാനുളള ശ്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. റെയിൽ വികാസ് നിഗം ലിമിറ്റഡ്, എൻഎച്ച്‌ഐഡിസിഎൽ, സത്‌ലജ് ജൽ വിദ്യുത് നിഗം ലിമിറ്റഡ് (എസ്‌ജെവിഎൻഎൽ) എന്നീ ഏജൻസികൾ വെർട്ടിക്കൽ ഡ്രില്ലിംഗ് തുടങ്ങിക്കഴിഞ്ഞു. ഇതിനുളള യന്ത്രങ്ങൾ എത്തിക്കാൻ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ മലമുകളിൽ റോഡും വെട്ടിയിട്ടുണ്ട്. ഗുജറാത്തിൽ നിന്നും ഒഡീഷയിൽ നിന്നും യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. വെർട്ടിക്കൽ ഡ്രില്ലിംഗിന്റെ പ്രാരംഭ പ്രവർത്തനങ്ങളും ഒഎൻജിസി ആരംഭിച്ചു.
ഇന്ന് രാവിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി ഫോൺ വഴി ബന്ധപ്പെട്ടിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു.
Discussion about this post