മലയാളിയുടെ സാമാന്യ ബോധത്തെ പിണറായി വിജയൻ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് സന്ദീപ് വചസ്പതി. കാസർകോട് ജില്ലയിൽ നാലു മണ്ഡലങ്ങളിൽ ആയി നാലു മണിക്കൂർ രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടും ഒരാളുടെ പോലും പരാതി മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ കയ്യിൽ പരാതി നൽകാനായി എന്തിനാണ് മുഖ്യമന്ത്രി എല്ലായിടത്തും നേരിട്ട് എത്തുന്ന നവ കേരള സദസ്സ് പോലൊരു പാഴ്ചെലവ് എന്നും സന്ദീപ് വചസ്പതി ചോദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നവ കേരള സദസിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്.
സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
മലയാളിയുടെ സാമാന്യ ബോധത്തെ പിണറായി വിജയൻ സർക്കാർ വെല്ലുവിളിക്കുകയാണ്. മന്ത്രിസഭ ഒരുമിച്ച് യാത്ര ചെയ്താൽ ചെലവ് കുറയും എന്ന വാദം ഉയർത്തിയാണ് ഒന്നേകാൽ കോടി മുടക്കി ആഡംബര ബസ് തയ്യാറാക്കിയത്. എന്നാലിപ്പോൾ ബസിന് പിറകെ വിവിധ വകുപ്പുകളുടെ കാറുകളും പൊലീസ് വാഹനങ്ങളും അടക്കം നൂറോളം വണ്ടികൾ ചീറിപ്പായുന്നതാണ് കാണുന്നത്. ജില്ലയിലെ ആദ്യ പരിപാടിയിൽ വന്നിറങ്ങാൻ മാത്രമാണ് ബസ് ഉപയോഗിക്കുന്നത്. പിന്നീട് മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് മന്ത്രിമാർ പൈലറ്റ് പ്രസംഗം നടത്താൻ അവരവരുടെ കാറുകളിലാണ് അടുത്ത മണ്ഡലത്തിലേക്ക് പോകുന്നത്. എ. കെ ബാലൻ പറഞ്ഞത് ശരിവച്ച്, ആഡംബര ബസ് മ്യൂസിയം പീസ് പോലെ പിറകെ പോകുന്നു.
കാസർകോട് ജില്ലയിൽ ആകെ 14,513 പരാതികളാണ് കിട്ടിയത്. (കൂടുതൽ പരാതികളും സിപിഎം എംഎൽഎമാരുടെ മണ്ഡലത്തിൽ നിന്നാണ്.) ഇതിലൊന്ന് പോലും മുഖ്യമന്ത്രി നേരിൽ വാങ്ങുകയോ പരിഹാരം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ജനങ്ങൾ ഉദ്യോഗസ്ഥരുടെ കയ്യിലാണ് പരാതി നൽകുന്നത്. പരാതി വാങ്ങുന്ന ഉദ്യോഗസ്ഥർ അതിന് നമ്പർ ഇട്ട് നൽകുന്നു. ഇത് പ്രത്യേക പരാതി പരിഹാര പോർട്ടലിൽ അപ് ലോഡ് ചെയ്യും. ഇത് ചെയ്യാൻ എന്തിനാണ് 140 മണ്ഡലങ്ങളിലും രാജാവ് നേരിട്ട് എഴുന്നള്ളുന്നത് എന്ന് മനസിലാകുന്നില്ല.
യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ കാസർകോട് ജില്ലയിലെ 4 മണ്ഡലങ്ങളിലും കൂടി 4 മണിക്കൂറാണ് മുഖ്യമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയത്. അല്ലാതെ ഒരാളുടെയും പരാതി സ്വീകരിക്കുകയോ പരിഹാരം കാണുകയോ ചെയ്തിട്ടില്ല. രാജാവിനെ മുഖം കാണിക്കാൻ പ്രമുഖന്മാർക്ക് മാത്രമാണ് സൗഭാഗ്യം. ആ സൗഭാഗ്യം കിട്ടാൻ എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കുക.
Discussion about this post