ഹൈദരാബാദ്: തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന ഇൻഡോർ സ്റ്റേഡിയം തകർന്നു വീണ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ബീഹാർ സ്വദേശി ബബ്ലു, പശ്ചിമ ബംഗാൾ സ്വദേശി സുനിൽ എന്നിവരാണ് മരിച്ചത്. പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. തെലങ്കാനയിൽ രംഗറെഡ്ഡി ജില്ലയിലെ മൊയ്‌നാബാദിലാണ് സംഭവം. അപകട സ്ഥലത്ത് നിന്നും ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് രാജേന്ദർനഗർ ഡിസിപി ജഗദീശ്വർ റെഡ്ഡി പറഞ്ഞു.
ഏകദേശം പതിനാലോളം തൊഴിലാളികൾ അപകട സ്ഥലത്ത് ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരെ വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സ്റ്റേഡിയം തകരാനിടയായ കാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post