അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിന്റെ ലൈവ് കമന്ററിക്കിടെ ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശർമ്മയെയും കെഎൽ രാഹുലിന്റെ ഭാര്യ അതിയ ഷെട്ടിയെയും മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് അവഹേളിച്ചതായി ആക്ഷേപം. ഇരുവരുടെയും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞപ്പോൾ ഹർഭജൻ നടത്തിയ കമന്റാണ് നെറ്റിസൺസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
രണ്ടു പേരും സ്വകാര്യം പറയുന്ന ദൃശ്യങ്ങളായിരുന്നു ക്യാമറ ഒപ്പിയെടുത്തത്. ഇത് സംപ്രേഷണം ചെയ്തതിന് പിന്നാലെ ഹർഭജന്റെ കമന്ററിയും വന്നു. ഇരുവരും ഭർത്താക്കൻമാരെക്കുറിച്ചാണോ ക്രിക്കറ്റിനെക്കുറിച്ചാണോ ചർച്ച ചെയ്യുന്നതെന്ന് താൻ അതിശയിക്കുന്നതായും കാരണം ക്രിക്കറ്റിനെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലെന്നുമായിരുന്നു കമന്റ്.
കമന്റിൽ ഹർഭജൻ മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആവശ്യം ഉയർന്നുകഴിഞ്ഞു. ഹർഭജന്റെ പതിവു രീതിയാണിതെന്നും ചിലർ കുറ്റപ്പെടുത്തുന്നു. ഹർഭജന്റെ കമന്റ് സ്ത്രീവിരുദ്ധമാണെന്നും വിമർശനം ഉയരുന്നുണ്ട്.
കോഹ്ലിയും രാഹുലും ബാറ്റ് ചെയ്യുമ്പോൾ ഹർഭജൻ ആയിരുന്നു ലൈവ് കമന്ററി കൈകാര്യം ചെയ്തിരുന്നത് ഇതിനിടയിലാണ് സംഭവം. ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇരുവരും ഫൈനൽ നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ എത്തിയത്. മത്സരത്തിൽ പരാജയപ്പെട്ട ശേഷം വിരാട് കോഹ്ലിയെ ആശ്ലേഷിച്ച് ആശ്വസിപ്പിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങൾ പിന്നീട് വൈറലാകുകയും ചെയ്തിരുന്നു.
Discussion about this post