തൃശൂർ : ഗുരുവായൂർ ക്ഷേത്രനടയ്ക്ക് സമീപം കൈക്കുഞ്ഞിനെയും എടുത്തുകൊണ്ട് മുല്ലപ്പൂ വില്പന നടത്തുന്ന ധന്യ എന്ന യുവതിയുടെ ജീവിതം സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണ് കണ്ടിരുന്നത്. കഴിഞ്ഞദിവസം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ധന്യയെ സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു. ഇപ്പോൾ സുരേഷ് ഗോപി സന്ദർശിക്കാൻ എത്തിയതിൽ ഉള്ള സന്തോഷം വ്യക്തമാക്കുകയാണ് ധന്യ.
”കുറെക്കാലമായി സാറിനോട് വിഷമങ്ങളൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു, നടന്നില്ല. ഇപ്പോൾ ഇങ്ങോട്ട് വന്ന് ഞങ്ങളെ കണ്ടു, വല്ലാത്ത സന്തോഷം” എന്ന് ധന്യ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് 300 മുഴം മുല്ലപ്പൂവിന്റെ ഓർഡർ ആണ് ധന്യയ്ക്ക് നൽകിയിട്ടുള്ളത്. കൂടാതെ തെച്ചിപ്പൂവിനും സുരേഷ് ഗോപി ഓർഡർ നൽകിയിട്ടുണ്ട്. ധന്യയുടെ ഭർത്താവ് സനീഷ് ഹൃദ്രോഹിയാണ്. ഭർത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും വീട്ടുചെലവുകൾ നിർവഹിക്കാനുമാണ് ധന്യ ഗുരുവായൂർ ക്ഷേത്രനടയിൽ മുല്ലപ്പൂ വിൽപ്പന നടത്തുന്നത്.
ധന്യ കൈക്കുഞ്ഞിനെയും കൊണ്ട് മുല്ലപ്പൂ വിൽക്കുന്ന വീഡിയോ നേരത്തെ തന്നെ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഗുരുവായൂർ സന്ദർശിച്ച സുരേഷ് ഗോപി കോഫി വിത്ത് എസ് ജി പ്രോഗ്രാമിലേക്ക് ധന്യയെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ധന്യയും ഭർത്താവും കുഞ്ഞും കൂടി ഈ വേദിയിലെത്തി സുരേഷ് ഗോപിയെ സന്ദർശിച്ചു.
Discussion about this post