ഡെറാഡൂൺ: ഉത്തരകാശി സിൽകാരയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനം ഇന്നോടെ പത്ത് ദിവസങ്ങൾ പിന്നിട്ടു. ആശങ്കക്കൊടുവിൽ ഇന്ന് ആശ്വാസകരമായ വാർത്തയാണ് അപകടസ്ഥലത്ത് നിന്നും എത്തുന്നത്. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യദൃശ്യങ്ങൾ പുറത്ത് വന്നു. തൊഴിലാളികളുമായി നേരിട്ട് സംസാരിക്കാനുള്ള ശ്രമമാണ് ഇതോടെ ഫലം കണ്ടത്. തുരങ്കത്തിനുള്ളിലേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്‌ളെക്‌സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രക്ഷാപ്രവർത്തകരുമായി ആശയവിനിമയം നടത്താൻ തൊഴിലാളികൾക്ക് 6 ഇഞ്ച് പൈപ്പ് ലൈനിലൂടെ തുരങ്കത്തിലൂടെ വാക്കി-ടോക്കിയും നൽകിയിട്ടുണ്ട്. പൈപ്പ് വഴി തുരങ്കത്തിലേക്ക് ഭക്ഷണവും എത്തിക്കുന്നുണ്ട്. മൊബൈൽ ചാർജറുകളും ഖര ഭക്ഷണങ്ങളും എത്തിക്കാനായുള്ള പൈപ്പും കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിലൂടെ സ്ഥാപിച്ചിരുന്നു.
53 മീറ്റര്‍ നീളമുള്ള പൈപ്പ് തകര്‍ന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങളുടെ മറുവശത്തേക്ക് എത്തിക്കാന്‍ തിങ്കളാഴ്ച്ച കഴിഞ്ഞിരുന്നു. ഇതോടെ തൊഴിലാളികളുമായി രക്ഷാപ്രവർത്തകർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. തൊഴിലാളികള്‍ സുരക്ഷിതരായി തുടരുന്നുവെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് അഞ്ചിന കര്‍മപദ്ധതി ആവിഷ്‌കരിച്ച് പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി.
നവംബര്‍ 12ന് പുലര്‍ച്ചെ 5.30-നായിരുന്നു ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകര്‍ന്ന് വീണത്. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ മൂലം പല തവണ രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുന്ന കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കിയ 2 കിലോമീറ്റർ ദൂരത്തിൽ നിർമിച്ച തുരങ്ക ഭാഗത്താണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നത്. ടണലിന്റെ ഈ ഭാഗത്ത് വൈദ്യുതിയും വെള്ളവും ലഭ്യമാണ്.
നാഷണൽ ഹൈവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, സത്‌ലജ് ജൽ വിദ്യുത് നിഗം ലിമിറ്റഡ് (എസ്‌ജെവിഎൻഎൽ), എന്നിവരുൾപ്പെടെ ഒന്നിലധികം ഏജൻസികളും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്റർനാഷണൽ ടണലിംഗ് അസോസിയേഷൻ പ്രസിഡന്റ് അർനോൾഡ് ഡിക്സും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.
Discussion about this post