പത്തനംതിട്ട : ശബരിമല സന്നിധാനത്ത് കനത്ത മഴ. ചൊവ്വാഴ്ച വൈകിട്ട് മുതൽ ആരംഭിച്ച മഴ മണിക്കൂറുകളായി തുടരുകയാണ്. തിരുവനന്തപുരത്തെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാനപാതയിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരത്ത് ചുള്ളിമാനൂർ മുതൽ പാലോട് വരെയുള്ള മേഖലകളിൽ റോഡിൽ മുഴുവൻ വെള്ളം നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. ഇതുവഴിയുള്ള ഗതാഗതസൗകര്യങ്ങൾ തടസ്സപ്പെട്ടു. ഇളവട്ടൂർ മേഖലയിൽ രണ്ട് കിലോമീറ്റർ ദൂരത്തോളം റോഡ് പൂർണമായും വെള്ളക്കെട്ടിലായി. രണ്ടു മണിക്കൂറിൽ അധികമായി തിരുവനന്തപുരത്തിന്റെ ഈ മലയോര മേഖലകളിൽ തുടർച്ചയായി മഴ പെയ്തുകൊണ്ടിരിക്കുകയാണ്.
ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അസാധാരണമായ രീതിയിലാണ് വെള്ളക്കെട്ട് ഉണ്ടായത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിലുള്ള വെള്ളക്കെട്ട് ഒഴുക്കുള്ള അവസ്ഥയിലാണ് കാണപ്പെടുന്നത്. അതിനാൽ തന്നെ അപകട സാധ്യത കണക്കിലെടുത്ത് വാഹനങ്ങൾ ഈ പ്രദേശത്തു നിന്നും വഴി തിരിച്ചു വിടുന്നുണ്ട്.
Discussion about this post