ന്യൂഡൽഹി: ഏകദിന ലോകകപ്പിന്റെ അലയൊലികൾ ഒടുങ്ങുന്നതിന് മുൻപേ അടുത്ത ക്രിക്കറ്റ് സീസൺ സജീവമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നവംബർ 23ന് ഏകദിന ലോക ചാമ്പ്യന്മാർക്കെതിരെ സ്വന്തം നാട്ടിൽ ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യയുടെ പുതിയ സീസൺ ആരംഭിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പര പൂർത്തിയാക്കിയ ശേഷം ട്വന്റി 20 പരമ്പരയ്ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോകും.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ജനുവരിയിൽ മടങ്ങിയെത്തുന്ന ഇന്ത്യ, നാട്ടിൽ അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര കളിക്കും. പരമ്പര അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു.
ജനുവരി 11 മുതൽ 17 വരെയാണ് മത്സരങ്ങൾ. ആദ്യ മത്സരം ജനുവരി 11നും രണ്ടാം മത്സരം 14നും മൂന്നാം മത്സരം 17നും നടക്കും. ഐസിസി, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മത്സരങ്ങളിൽ പല തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇരു ടീമുകളും തമ്മിൽ പരിമിത ഓവർ ഉഭയകക്ഷി പരമ്പര കളിക്കുന്നത്. ഇതിന് മുൻപ് നടന്ന അഞ്ച് ട്വന്റി 20 മത്സരങ്ങളും വിജയിച്ചത് ഇന്ത്യയായിരുന്നു.
ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ അഫ്ഗാനിസ്ഥാൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെ പരാജയപ്പെടുത്തിയ അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ വിറപ്പിച്ച ശേഷം കീഴടങ്ങുകയായിരുന്നു. ഐപിഎല്ലിൽ സ്ഥിരം സാന്നിദ്ധ്യമായ അഫ്ഗാൻ മുൻ നിര താരങ്ങൾക്ക് ഇന്ത്യയിൽ മികച്ച ആരാധക പിന്തുണയുണ്ട്.
Discussion about this post