ന്യൂഡൽഹി: ഭാരതീയ ചികിത്സാ പദ്ധതികളെ തകർക്കാൻ ഒരു വിഭാഗം ഡോക്ടർമാർ ഗൂഢാലോചന നടത്തുന്നുവെന്ന് യോഗ ഗുരു ബാബ രാംദേവ്. യോഗയെയും ആയുർവേദത്തെയും ലക്ഷ്യമിട്ട് ഇവർ നിരന്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നു. ആയുർവേദവും യോഗയും കപട ശാസ്ത്രങ്ങളാണെന്ന് തെളിയിച്ചാൽ 1000 കോടി പിഴയടയ്ക്കാനും ജീവൻ വെടിയാൻ വരെയും തയ്യാറാണെന്ന് രാംദേവ് പറഞ്ഞു.
ആയുർവേദവും യോഗയും കപട ശാസ്ത്രങ്ങളാണെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടാൽ രാജ്യത്തെ നിയമസംവിധാനങ്ങൾ നുണപ്രചാരകരെ വെറുതെ വിടരുത്. അവരിൽ നിന്നും തക്കതായ പിഴ ഈടാക്കി ഭാരതീയ ചികിത്സാ പദ്ധതികളുടെ ഉന്നമനത്തിന് വകയിരുത്തണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു.
ആയുർവേദത്തിന്റെയും യോഗയുടെയും പ്രചാരകൻ എന്ന നിലയിൽ താനും പതഞ്ജലി ആയുർവേദും നിരന്തരം ആക്രമിക്കപ്പെടുകയാണ്. സുപ്രീം കോടതി പതഞ്ജലിക്കെതിരെ നടപടി സ്വീകരിച്ചു എന്ന തരത്തിലാണ് നുണപ്രചാരകർ കഴിഞ്ഞ ദിവസം മുതൽ ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രചാരണം നടത്തുന്നത്. സുപ്രീം കോടതി പതഞ്ജലി ആയുർവേദിനെതിരെയോ തനിക്കെതിരെയോ ഇതുവരെയും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ബാബ രാംദേവ് വ്യക്തമാക്കി.
തങ്ങൾ സുപ്രീം കോടതിയെയും രാജ്യത്തെ നിയമസംവിധാനങ്ങളെയും ബഹുമാനിക്കുന്നവരാണ്. എന്നാൽ കുപ്രചാരകരാകട്ടെ സുപ്രീം കോടതിയുടെ പേരിലാണ് നുണകൾ പടച്ച് വിടുന്നതെന്നും വാർത്താ സമ്മേളനത്തിൽ ബാബ രാംദേവ് പറഞ്ഞു.
Discussion about this post