പത്തനംതിട്ട: പത്തനംതിട്ട നഗരത്തോട് ചേർന്ന പ്രദേശങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും മലവെളളപ്പാച്ചിലും. തോന്ന്യാമല പെരിങ്ങമല ഭാഗത്ത് മലവെളളപ്പാച്ചിൽ ഉണ്ടായി. ഇവിടെ ഒരു വീടിന്റെ മതിൽ ഇടിഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഇലന്തൂർ വാര്യാപുരം ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി. ശബരിമല സന്നിധാനത്തും പമ്പയിലും ശക്തമായ മഴ പെയ്തിരുന്നു.
കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു. 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്റർ മഴ പെയ്യുന്ന സാഹചര്യത്തിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവ 24 ാം തീയതി വരെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലൈ മലയോരമേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയും വിലക്കിയിട്ടുണ്ട്. ശബരിമല തീർഥാടകർക്ക് ഈ നിരോധനം ബാധകമല്ല. എന്നാൽ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീർഥാടകർ സുരക്ഷ മുൻ നിർത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളിൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ഉച്ചയ്ക്ക് 2.30 ന് ശേഷമാണ് മഴ ശക്തമായത്. ഒരു മണിക്കൂറിലധികം മിക്ക പ്രദേശങ്ങളിലും മഴ ശക്തമായി പെയ്തു. ചെറുതോടുകളും ഓടകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറി. ഗതാഗതത്തെയും ഇത് ബാധിച്ചു.













Discussion about this post