കോഴിക്കോട്: സാമഗ്രികൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിർമ്മാണ കമ്പനിയെ കബളിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ നീരവ് ബി ഷായാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് മുംബൈയിലെ ബോറിവലിയിൽ എത്തിയാണ് നീരവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓൺലൈനായി നിർമ്മാണ സാമഗ്രികൾ ലഭിക്കുമോയെന്ന അന്വേഷണത്തിനിടെയാണ് നീരവിന്റെ വെബ്‌സൈറ്റ് കമ്പനിയുടെ ശ്രദ്ധയിൽപ്പെടുന്നത്. നിർമ്മാണ സാമഗ്രികൾ കുറന്ന നിരക്കിൽ ലഭിക്കുമെന്ന വാഗ്ദാനം കണ്ടതോടെ കമ്പനി നീവരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകാമെന്ന് നീരവ് അറിയിച്ചു. മുൻകൂറായി പത്ത് ലക്ഷം ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം പണം നൽകി. എന്നാൽ വ്യാജ ജിഎസ്ടി ബിൽ അയച്ച് നൽകി സാമഗ്രികൾ നൽകാതെ കമ്പനിയെ കബളിപ്പിക്കുകയായിരുന്നു. ഇതോടെയാണ് നിർമ്മാണ കമ്പനി പോലീസിൽ പരാതി നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, ഐടി നിയമത്തിലെ 66 ഡി എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. നിരവധി ഫോൺ നമ്പരുകളും കോൾ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചും ഒട്ടേറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ കയ്യിൽ നിന്ന് പല പേരുകളിലുള്ള എ.ടി.എം. കാർഡുകളും പാൻ കാർഡുകളും കണ്ടെടുത്തു.
Discussion about this post