കണ്ണൂർ; മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് എതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ, പറഞ്ഞ സ്ഥലത്തു ശ്രീശാന്തിനു ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു മറുപടി.
പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ നൽകിയ ഹർജിയിലുണ്ട്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്.
കോടതി നിർദേശ പ്രകാരം കണ്ണൂർ ടൗൺ പോലീസാണ് കേസ് എടുത്തത്.












