ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ വിസമ്മതിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നവംബർ 28 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡിന്റെ മുമ്പാകെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വിഷയം പരാമർശിച്ചു, റിവ്യൂ പെറ്റീഷൻ അഞ്ച് ജഡ്ജിമാരുടെ മുമ്പാകെ നവംബർ 28 ന് പരിഗണിക്കുമെന്ന് ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.
ഈ കഴിഞ്ഞ ഒക്ടോബർ 17 നാണ് സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിക്കുന്നത്. സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം കൊണ്ടുവരേണ്ടത് നിയമനിർമാണ സഭകളാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും വിയോജിക്കുകയും ചെയ്തു. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാല് ജഡ്ജിമാർ വെവ്വേറെ വിധികളാണ് പ്രസ്താവിച്ചത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികൾ പ്രസ്താവിച്ചത്. അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന മറ്റൊരംഗം ജസ്റ്റിസ് ഹിമ കോലിയാണ്.











Discussion about this post