മംഗളൂരു : മംഗളൂരുവിൽ സ്ഥിതിചെയ്യുന്ന ഡൽഹി പബ്ലിക് സ്കൂൾ എംആർപിഎൽന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയെയാണ് കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നഷ്ടപ്പെട്ടതെന്ന് അദ്ധ്യാപകർ. മംഗളൂരു റിഫൈനറി പെട്രോകെമിക്കൽസ് ലിമിറ്റഡിലെ (എംആർപിഎൽ) എംഡിയായി വിരമിച്ച എം.വി. വെങ്കിടേഷിന്റെ മകനായ എംവി പ്രഞ്ജൽ അച്ചടക്കവും വിനയവും സ്നേഹവും നിറഞ്ഞ മിടുക്കൻ ആയിരുന്നുവെന്ന് അദ്ധ്യാപകർ ഓർത്തെടുത്തു.
സുരത്കലിലെ ഡിപിഎസ് എംആർപിഎൽ സ്കൂളിലും മംഗളൂരുവിലെ മഹേഷ് പിയു കോളേജിലുമായി ആണ് പ്രഞ്ജൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീടാണ് അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക് പോകുന്നത്. മികച്ച ഒരു സൈനികനാവുക എന്നത് പ്രഞ്ജലിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു.
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പ്രഞ്ജൽ വീരമൃത്യു വരിച്ച വാർത്ത പുറത്തുവന്ന സമയത്ത് ഡൽഹി പബ്ലിക് സ്കൂൾ MRPL വ്യാഴാഴ്ച ആരംഭിക്കാനിരുന്ന തങ്ങളുടെ ദ്വിദിന വാർഷിക കായികമേളയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ സ്കൂളിലെ ഏറ്റവും പ്രിയപ്പെട്ട പൂർവ്വവിദ്യാർത്ഥിയുടെ മരണവിവരം അവരെ ശരിക്കും ഞെട്ടിച്ചു. തുടർന്ന് സ്‌പോർട്‌സ് മീറ്റ് മാറ്റിവെക്കുകയും അനുശോചനാർത്ഥം അവധി പ്രഖ്യാപിക്കുകയും ചെയ്തു.
വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂൾ വിട്ട് ഒരു പതിറ്റാണ്ടിന് ശേഷവും പ്രഞ്ജൽ തന്റെ സ്കൂളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഉത്സവങ്ങളിലും ജന്മദിനങ്ങളിലും അധ്യാപകർക്ക് വ്യക്തിപരമായ സന്ദേശങ്ങൾ അയയ്‌ക്കുകയും അവധി ദിവസങ്ങളിലും മാതാപിതാക്കൾ ബെംഗളൂരുവിലേക്ക് താമസം മാറിയ ശേഷവും സ്‌കൂൾ സന്ദർശിക്കുകയും ചെയ്‌തിരുന്നു. ഹൗസ് കീപ്പിംഗ് സ്റ്റാഫുകൾ ഉൾപ്പെടെ എല്ലാവരോടും തികഞ്ഞ സ്നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നതെന്ന് അദ്ധ്യാപകർ അനുസ്മരിച്ചു.
Discussion about this post