ന്യൂഡൽഹി; ഡൽഹിയിലെ അഫ്ഗാൻ എംബസി എന്നന്നേക്കുമായി അടച്ചുപൂട്ടുന്നതായി അഫ്ഗാനിസ്ഥാൻ പ്രതിനിധി സംഘം. സെപ്തംബർ 30 ന് എംബസിയുടെ പ്രവർത്തനം നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംബസി അടച്ചുപൂട്ടുന്നത്. ഈ തീരുമാനം നയത്തിലും താൽപ്പര്യങ്ങളിലുമുള്ള വിശാലമായ മാറ്റങ്ങളുടെ ഫലമാണെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.
ദൗത്യം സാധാരണ നിലയിൽ പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ നിലപാട് അനുകൂലമായി മാറ്റുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണം പിടിച്ചെടുത്തതോടെ വിവിധ രാജ്യങ്ങളിലെ എംബസികളുടെ പ്രവർത്തനം താറുമാറായിരുന്നു. താലിബാനിലേക്ക് കൂറുമാറിയ നയതന്ത്രജ്ഞരാണ് ഇതിന് കാരണം.
കഴിഞ്ഞ രണ്ട് വർഷവും മൂന്ന് മാസവും കൊണ്ട് ,അഫ്ഗാൻ അഭയാർത്ഥികളും വിദ്യാർത്ഥികളും, വ്യാപാരികളും രാജ്യം വിട്ടതോടെ ഇന്ത്യയിലെ അഫഅഗാൻ സമൂഹത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. 2021 ഓഗസ്റ്റ് മുതൽ ഈ എണ്ണം പകുതിയായി കുറഞ്ഞു. ഈ കാലയളവിൽ വളരെ പരിമിതമായ പുതിയ വിസകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ അഫ്ഗാൻ റിപ്പബ്ലിക്കിൽ നിന്നുള്ള നയതന്ത്രജ്ഞർ ഇന്ത്യയിൽ ഇല്ല.









Discussion about this post