ന്യൂഡല്‍ഹി: ഖത്തറില്‍ അറസ്റ്റിലായിരുന്ന 8 മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നല്‍കിയ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. ഹര്‍ജി പരിശോധിച്ച ശേഷം വാദം കേള്‍ക്കുന്ന തീയതി നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.
ജയിലില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ കണ്ടിരുന്നു. ഇവരുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയുരുന്നു . ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തുവരവെയാണ് എട്ട് ഇന്ത്യക്കാരും അറസ്റ്റിലായത്. ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ്
ദോഹയില്‍ അറസ്റ്റിലായത്. ഇവര്‍ എട്ടുപേരും 20 വര്‍ഷത്തോളം ഇന്ത്യന്‍ നാവിക സേനയുടെ ഉയര്‍ന്ന പദവികളില്‍ സേവനം അനുഷ്ഠിച്ചവരാണ്.
പ്രതിരോധ സേവനങ്ങള്‍ നല്‍കുന്ന ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് വേണ്ടിയാണ് എട്ടുപേരും ജോലി ചെയ്തിരുന്നത്. ഒമാനി സ്വദേശിയാണ് ഈ സ്ഥാപനത്തിന്റെ ഉടമ. ഇദ്ദേഹത്തേയും നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും വിട്ടയച്ചു. വധശിക്ഷ വിധിച്ചെങ്കിലും ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിരുന്നില്ല.. നിരവധി തവണ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അതെല്ലാം കോടതി തള്ളിയിരുന്നു.
Discussion about this post