ബംഗളൂരു: ജമ്മു കശ്മീരിലെ രജൗരി ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച ധീര ജവാൻ ക്യാപ്റ്റൻ എംവി പ്രഞ്ജലിന് അന്തിമോപചാരം അർപ്പിച്ച് ജനസഹസ്രങ്ങൾ. കർണാടകയിലെ ജിഗാനി മേഖലയിൽ എത്തിച്ച ഭൗതിക ശരീരത്തിൽ ജനങ്ങൾ ബാഷ്പാഞ്ജലിയർപ്പിച്ചു. ഇന്നലെ ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ എത്തിച്ച സൈനികന്റെ ഭൗതിക ശരീരത്തിന് മുന്നിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യയും അന്ത്യാഞ്ജലിയർപ്പിച്ചിരുന്നു.
ബുധനാഴ്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് 29 കാരനായ ക്യാപ്റ്റൻ പ്രഞ്ജൽ വീരമൃത്യു വരിച്ചത്. കർണാടക മന്ത്രി കെജെ ജോർജ്, ബെംഗളൂരു എംപി തേജസ്വി സൂര്യ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര എന്നിവരുൾപ്പെടെ നിരവധി പ്രമുഖരും വെള്ളിയാഴ്ച വിമാനത്താവളത്തിൽ സൈനികന് അന്തിമോപചാരം അർപ്പിച്ചു. അദ്ദേഹത്തിന്റെ സേവനത്തിനോടും ത്യാഗത്തിനോടുമുള്ള ബഹുമാന സൂചകമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്യാപ്റ്റൻ പ്രഞ്ജലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ബുധനാഴ്ച മുതൽ നടന്ന വെടിവയ്പിൽ ക്യാപ്റ്റൻ റാങ്കിലുളള രണ്ട് പേർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രജൗരി ജില്ലയിലെ ബാജിമാൽ മേഖലയിലാണ് ഭീകരരും ഇന്ത്യൻ സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.








