ന്യൂഡൽഹി: വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഇന്ത്യൻ ആരോഗ്യമേഖല. ഇന്ത്യൻ മരുന്ന് കമ്പനികൾ ഒരു വർഷത്തിനുള്ളിൽ നാല് അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നാണ് വികസിപ്പിച്ചെടുത്തത്. സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ് മരുന്നുകൾ വികസിപ്പിച്ചത്. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന രോഗങ്ങൾക്കാണ് മരുന്ന് കണ്ടുപിടിച്ചത് എന്നത് ഇതിന്റെ പ്രധാന്യം ഇരട്ടിപ്പിക്കുന്നു. മരുന്ന് കണ്ടെത്തിയ രോഗങ്ങളിൽ ഭൂരിഭാഗവും ജനിതകരോഗമായിരുന്നു.
ഇന്ത്യൻ കമ്പനികൾ മരുന്ന് വികസിപ്പിച്ചതോടെ ചികിത്സാ ചിലവ് നൂറിരട്ടിയോളം കുറയുമെന്നാണ് വിവരം. സിക്കിൾ സെൽ അനീമിയയ്ക്കൊപ്പം ടൈറോസിനേമിയ ടൈപ്പ് 1, ഗൗച്ചേഴ്സ് ഡിസീസ്, വിൽസൺസ് ഡിസീസ്, ഡ്രാവെറ്റ്-ലെനോക്സ് ഗാസ്റ്റൗട്ട് സിൻഡ്രോം എന്നീ നാല് രോഗങ്ങൾക്കുള്ള മരുന്നുകളും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അവ തദ്ദേശീയമായി നിർമ്മിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ജനിതക വൈകല്യമായ ടൈറോസിനേമിയ ചികിത്സയ്ക്ക് പ്രതിവർഷം 2.2 കോടി മുതൽ 6.5 കോടി വരെ വാർഷിക ചെലവ് ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷത്തേക്ക് 2.5 ലക്ഷം രൂപ മതിയാകും. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ കുട്ടിക്ക് പത്ത് വയസാകുമ്പോഴേക്ക് മരണം സംഭവിക്കും. നിറ്റിസിനോൺ ( Nitisinone ) എന്നാണ് കുട്ടിയ്ക്ക് നൽകുന്ന മരുന്നിന്റെ പേര്. മരുന്നുകൾ തദ്ദേശീയമായി നിർമ്മിക്കുന്നത് കാരണം വില നൂറിലൊന്നായി കുറയുന്നത് നിരവധി കുഞ്ഞുജീവനുകളെയാണ് രക്ഷിക്കുക.
ഗൗച്ചേഴ്‌സ് ഡിസീസ് ( Gaucher’s Disease ), വിൽസൺസ് ഡിസീസ്( Wilson’s Disease), ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഗൗച്ചേഴ്‌സ് ഡിസീസ് ചികിത്സയ്ക്ക് പ്രതിവർഷം 1.8 – 3. 6 കോടി രൂപവരെ വേണ്ടിവരുമായിരുന്നു. ഇനി 3.6 ലക്ഷം രൂപ മതിയാകും. വിൽസൺസ് ഡിസീസ് ചികിത്സയ്ക്ക് 2.2 കോടിയിൽ വേണ്ടിടത്ത് ഇനി 2.2 ലക്ഷം രൂപ മതി. ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോത്തിന് പ്രതിവർഷം 7 -34 ലക്ഷം വരെ വേണ്ടിവരുമായിരുന്നു. ഇനി ഒന്നര ലക്ഷം രൂപയ്ക്ക് ചികിത്സ കിട്ടും.ഇതുകൂടാതെ സ്പൈനൽ മസ്‌കുലാർ അട്രോഫിക്കുള്ള (എസ് എം എ) ചികിത്സാച്ചെലവ് കുറയ്ക്കാനുള്ള പ്രവർത്തനങ്ങളും അധികൃതർ നടത്തിവരികയാണ്. നിലവിൽ ഒറ്റത്തവണയെടുക്കുന്ന കുത്തിവയ്പിന് പതിനാറ് കോടി രൂപയാണ് ചെലവ്.
രാജ്യത്ത് 8.4 കോടിക്കും 10 കോടിക്കും ഇടയിൽ ആളുകൾ അപൂർവ രോഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഈ രോഗങ്ങളിൽ ഏകദേശം എൺപത് ശതമാനവും ജനിതകമാണ്. അതായത് വളരെ ചെറിയ പ്രായത്തിൽ തന്നെ രോഗം കണ്ടെത്തുകയും ചികിത്സ വേണ്ടിവരികയും ചെയ്യുന്നു. വിദേശത്ത് മാത്രം ലഭിക്കുന്ന മരുന്നായതിനാൽ ചികിത്സാ ചിലവ് താങ്ങാൻ പല കുടുംബങ്ങൾക്കും സാധിക്കാറില്ല. പുതുതായി വികസിപ്പിച്ച മരുന്നുകൾ ജൻ ഔഷധി കേന്ദ്രങ്ങളിലും ലഭ്യമാകുന്നതോടെ ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമാകും സംഭവിക്കുക.









Discussion about this post