തിരുവനന്തപുരം; കേരളത്തിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള വന്ദേഭാരത് യാത്ര വൈറലായി. സഹയാത്രക്കാരുമായി സൗഹൃദം പങ്കുവെച്ച് കേന്ദ്രമന്ത്രി നടത്തിയ യാത്രയുടെ ചിത്രങ്ങൾ നിരവധി ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
നവകേരള സദസ് എന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു കോടിയുടെ ബസിൽ നാട് ചുറ്റി ധൂർത്ത് നടത്തുന്നതിനിടെയാണ് പൊതുഖജനാവിന് പതിനായിരങ്ങൾ ലാഭമുണ്ടാക്കിയ കേന്ദ്രധനമന്ത്രിയുടെ ജനകീയ വന്ദേഭാരത് യാത്ര. എക്‌സ് അക്കൗണ്ടിലൂടെ നിർമല സീതാരാമനും ചിത്രങ്ങൾ പങ്കുവെച്ചു.
2022 സെപ്തംബറിൽ പ്രധാനമന്ത്രി അവതരിപ്പിച്ച വന്ദേഭാരത് സർവ്വീസിൽ ഇപ്പോഴാണ് യാത്ര ചെയ്യാൻ അവസരം ലഭിച്ചതെന്ന് മന്ത്രി കുറിച്ചു. സഹയാത്രികരുമായി സംസാരിക്കുന്നതിന്റെ ഉൾപ്പെടെ ചിത്രങ്ങളാണ് നിർമല സീതാരാമൻ പങ്കുവെച്ചത്. ഇടയ്ക്ക് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും സഹയാത്രക്കാരനായി എത്തി. സ്ത്രീകളും കുട്ടികളും അടക്കമുളളവർ സെൽഫിയെടുക്കാനും ചിത്രങ്ങൾ പകർത്താനും മന്ത്രിയെ പരിചയപ്പെടാനും ഓടിയെത്തി. കൂടുതൽ സമ്പർക്കങ്ങൾ, സെൽഫികൾ എന്ന് പറഞ്ഞ് ചിത്രങ്ങളൊക്കെ മന്ത്രി എക്‌സിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഫേസ്ബുക്ക് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങൡും ചിത്രങ്ങൾ വൈറലായി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മന്ത്രി ആദായ നികുതി വകുപ്പിന്റെ ആയകർ ഭവൻ ഉദ്ഘാടനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് പോകുന്നതിനാണ് വന്ദേഭാരത് തിരഞ്ഞെടുത്തത്. റോഡിലൂടെ പോയാൽ ഇന്ധനച്ചിലവും അകമ്പടി വാഹനങ്ങളുടെ ചിലവും അടക്കം പതിനായിരങ്ങൾ വേണ്ടി വരുന്ന സ്ഥാനത്താണ് വന്ദേഭാരതിൽ ജനകീയ യാത്ര നടത്തി കേന്ദ്രമന്ത്രിയുടെ മാതൃകാപരമായ പ്രവൃത്തി.
40 കാറുകളുടെ എസ്‌കോർട്ടിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യം ചെയ്തും ഒരു കോടിയുടെ ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്രയുമായി താരതമ്യം ചെയ്തും ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കേന്ദ്രമന്ത്രിയുടെ സുരക്ഷയും യാത്രാ സൗകര്യവും ഉണ്ടായിട്ടും ഒരു സാധാരണ പൗരയായി വന്ദേഭാരതിൽ യാത്ര ചെയ്യുന്ന മന്ത്രിയെ പുകഴ്ത്തിയാണ് സമൂഹമാദ്ധ്യമ പോസ്റ്റുകൾ.
Discussion about this post