കാഞ്ഞങ്ങാട്: കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർത്ഥിനികൾ. അദ്ധ്യാപകനായ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെയാണ് പരാതി. പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാർഥിനിയോട് ഉൾപ്പെടെ ഡോ. ഇഫ്തിഖർ ലൈംഗികാതിക്രമം കാട്ടിയയെന്നാണ് പരാതി. എംഎ ഒന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥികളാണ് പരാതി നൽകിയത്.
ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തുപറയുന്ന, ഏഴു പേജുള്ള ദീർഘമായ പരാതിയിൽ ക്ലാസിലെ 41 വിദ്യാർത്ഥികളിൽ 33 പേരും ഒപ്പിട്ടിട്ടുണ്ട്. നവംബർ 15 ന് നൽകിയ പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐസിസി) കൈമാറിയെന്നാണ് വിവരം.
കുട്ടി തലകറങ്ങി വീണപ്പോൾ പരീക്ഷാ ചുതലയുണ്ടായിരുന്ന ഗവേഷണ വിദ്യാർഥി ഉടൻ ഇഫ്തിഖറിനെ വിവരമറിയിച്ചു. ഉടൻ തന്നെ അവിടെ എത്തിയ ഇഫ്തിഖർ വിദ്യാർത്ഥിയുടെ തോളിൽ തട്ടി ഉണർത്താനും പെൺകുട്ടിയെ കൈയ്യിലെടുക്കാനും ശ്രമിച്ചു. കൂടാതെ വെള്ളം മുഖത്ത് തളിച്ച ശേഷം പെൺകുട്ടിയുടെ മുഖമാകെ തഴുകിയെന്നും പരാതിയിൽ പറയുന്നു. അർധബോധാവസ്ഥയിൽ പോലും പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇഫ്തിഖർ അസ്വാഭാവിക പെരുമാറ്റം തുടർന്നെന്നും പരാതിയിൽ ഉണ്ട്.
വിദ്യാർഥിനിയെ സർവകലാശാലയിലെ ഹെൽത്ത് സെന്ററിലേക്ക് മാറ്റിയപ്പോഴും ഇയാൾ അവർക്കൊപ്പം പോയി. അവിടെവച്ചും പെൺകുട്ടിയുടെ കൈകളും കാലുകളും ചേർത്തുപിടിക്കാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. അതേസമയം ഇയാൾ അസ്വാഭാവികമായിട്ടാണ് പെരുമാറിയതെന്ന് ഹെൽത് സെന്ററിലുണ്ടായിരുന്ന ഡോക്ടറും ആരോപിച്ചു.
എല്ലാ അതിർവരമ്പുകളും ലംഘിച്ചതോടെയാണ് ഇഫ്തിഖറിനെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്ന് വിദ്യാർത്ഥിനികൾ വ്യക്തമാക്കി. ക്ലാസിൽ ഇംഗ്ലീഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ അദ്ധ്യാപകൻ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നു. എന്നാൽ ഗുരുതരമായ പരാതി ഉയർന്നിട്ടും ഇഫ്തിഖറിനെ സസ്‌പെൻഡ് ചെയ്യാനോ ഡിപ്പാർട്ട്‌മെൻറിൽ പ്രവേശിക്കുന്നത് വിലക്കാനോ തയാറാകാത്തതിൽ വിദ്യാർത്ഥികൾ അതൃപ്തരാണ്.












