മുംബൈ: 26/11, 15 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് രാജ്യത്ത് കടൽമാർഗമെത്തിയ ഒരു കൂട്ടം ഭീകരവാദികളുടെ ആക്രമണത്തിൽ മുംബൈ നഗരം വിറച്ചത്. വർഷങ്ങൾക്കിപ്പുറം മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷികത്തിൽ അന്ന് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച രാജ്യത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മഹാരാഷ്ട്ര ഗവർണർ രമേഷ് ബായിസും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും പുഷ്പാർച്ചന നടത്തി. ദക്ഷിണ മുംബൈയിലെ പോലീസ് കമ്മീഷണറുടെ ഓഫീസിലെ രക്തസാക്ഷി സ്മാരകത്തിലാണ് ഗവർണറും മുഖ്യമന്ത്രിയും പുഷ്പാർച്ചന നടത്തിയത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ദീപക് വസന്ത് കേസർക്കർ, മംഗൾ പ്രഭാത് ലോധ എന്നിവരുൾപ്പെടെയുള്ള നിരവധി മന്ത്രിമാരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.
15 വർഷങ്ങൾക്ക് മുൻപ് നവംബർ 26ന് അർദ്ധരാത്രിയാണ് ആയുധധാരികളായ ഒരു കൂട്ടം ലഷ്‌കർ-ഇ-ത്വായ്ബ ഭീകരർ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്ക് ഇരച്ചു കയറിയത്. കടൽ മാർഗം എത്തിയ ഇവർ നിരായുധരായ സാധാരണക്കാർക്ക് നേരെ വെടിയുണ്ടകൾ പായിച്ചു. വിദേശികൾ ഉൾപ്പെടെ 166 പേർക്ക് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. മുന്നൂറോളം പേർക്ക് പരിക്ക് പറ്റി.
സംസ്ഥാന പോലീസിൽ നിന്നും എൻഎസ്ജിയിൽ നിന്നുമുള്ള 18 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. അന്നത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, മുംബൈ അഡീഷണൽ പോലീസ് കമ്മീഷണർ അശോക് കാംതെ, സീനിയർ പോലീസ് ഇൻസ്‌പെക്ടർ വിജയ് സലാസ്‌കർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) തുക്കാറാം ഓംബ്ലെ എന്നിവരാണ് അന്ന് രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്തവരിൽ ചിലർ. ഭീകരരിൽ ഒരാളായ അജ്മൽ അമീർ കസബിനെ ജീവനോടെ പിടികൂടുകയും ബാക്കിയുള്ളവരെ വധിക്കുകയും ചെയ്തു. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കസബിനെ പിടികൂടിയത്.
Discussion about this post