ഹൈദരാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു കൂട്ടരും തമ്മിൽ കടുത്ത വാക്പോരാണ് നടത്തുന്നത്. കഴിഞ്ഞദിവസം ഒവൈസി മോഡിയുടെ സുഹൃത്താണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഈ പരാമർശത്തിനെതിരെയാണ് ഒവൈസി ഇന്ന് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചത്.
” സ്വന്തമായി ഒരു കൂട്ടില്ലാത്തതു കൊണ്ടാണ് രാഹുൽ ഗാന്ധി മറ്റുള്ളവരുടെ കൂട്ടുകളെക്കുറിച്ച് അന്വേഷിച്ചു നടക്കുന്നത്. 50 വയസ്സുള്ള ഒരാൾക്ക് വീട്ടിൽ ആരെങ്കിലും സ്വന്തമായി കൂട്ടിനുണ്ടെങ്കിൽ വളരെയേറെ പ്രയോജനപ്പെടും. അതിനാൽ രാഹുൽ ഗാന്ധി ഉടൻ തന്നെ ഒരു വിവാഹം കഴിക്കുകയാണ് വേണ്ടത്. പക്ഷേ രാഹുൽ ഗാന്ധിക്ക് ജീവിതത്തിൽ 2 പ്രണയങ്ങൾ മാത്രമാണ് ഉള്ളത്. ഒന്ന് ഇറ്റലിയോടും മറ്റൊന്നു മോഡിയോടും ആണ്.” എന്നായിരുന്നു ഹൈദരാബാദിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ഒവൈസി വിമർശിച്ചത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന അമേത്തി മണ്ഡലത്തിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട് ഓടിയ ആളാണ് രാഹുൽ ഗാന്ധി എന്നും ഒവൈസി പരിഹസിച്ചു. കഴിഞ്ഞദിവസം തെലുങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധി ഒവൈസി നരേന്ദ്രമോദിയുടെ സുഹൃത്താണെന്ന് വിമർശിച്ചത്. മോഡിക്ക് തെലങ്കാനയിൽ രണ്ടു സുഹൃത്തുക്കൾ ഉണ്ടെന്നും, തെലങ്കാന മുഖ്യമന്ത്രി കെസിആറും ഒവൈസിയും ആണ് അതെന്നും ആയിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
Discussion about this post