ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. തൊഴിലാളികൾക്ക് അടുത്തേക്ക് എത്തുന്നതിനായി തുരങ്കത്തിന്റെ മുകളിൽ ലംബമായി ഡ്രില്ലിംഗ് നടത്തുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അടുത്തേക്ക് എത്താൻ ആയി 86 മീറ്റർ ദൂരമാണ് കുഴിക്കേണ്ടത്.
അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന ഉത്തരകാശി തുരങ്ക രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് എഞ്ചിനീയർമാരുടെ മദ്രാസ് സാപ്പർമാരുടെ ഒരു യൂണിറ്റും ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡ്രില്ലിംഗ് നടത്തിയിരുന്ന ഓഗർ മെഷീന്റെ ബ്ലേഡ് തുരങ്കത്തിൽ കുടുങ്ങിയതാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്.
ഹൈദരാബാദിൽ നിന്ന് കൊണ്ടുവന്ന പ്ലാസ്മ മെഷീൻ ഞായറാഴ്ച രാവിലെ മുതൽ പ്രവർത്തനമാരംഭിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. കുടുങ്ങിയ ഓഗർ മെഷീനിൽ നിന്ന് ബ്ലേഡ് മുറിച്ചുമാറ്റിയതായും അദ്ദേഹം സൂചിപ്പിച്ചു. ഓഗർ മെഷീൻ വെട്ടി പുറത്തെടുക്കുന്ന ജോലി പൂർത്തിയായാൽ ഉടൻ തന്നെ മാനുവൽ ഡ്രില്ലിംഗ് ആരംഭിക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.
കുടുങ്ങിക്കിടക്കുന്ന ഓഗർ മെഷീന്റെ ബ്ലേഡ് നീക്കം ചെയ്യുന്നതിനുള്ള സഹായത്തിനായി മെഗ്ന, ലേസർ, പ്ലാസ്മ കട്ടിംഗ് മെഷീനുകൾ സിൽക്യാര തുരങ്കത്തിൽ നേരത്തെ തന്നെ എത്തിച്ചിരുന്നു. 41 തൊഴിലാളികളാണ് ദിവസങ്ങളായി ഉത്തരകാശി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ജാർഖണ്ഡിൽ നിന്ന് 15, ഉത്തർപ്രദേശിൽ നിന്ന് എട്ട്, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് പേർ, പശ്ചിമ ബംഗാളിൽ നിന്ന് മൂന്ന് പേർ, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ, ഹിമാചൽ പ്രദേശിൽ നിന്ന് ഒരാൾ എന്നിവരാണ് ഉത്തരകാശി തുരങ്കത്തിനുള്ളിൽ കുടുങ്ങിയിട്ടുള്ളത്.
Discussion about this post