കൊല്ലം: ഓയൂരിൽ നിന്നും കുട്ടികളെ ദിവസങ്ങൾക്ക് മുൻപും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നിരുന്നതായി മുത്തശ്ശി. വെളുത്ത കാർ പിന്തുടർന്ന് എത്തിയ വിവരം കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ ഇത് ഗൗരവത്തിൽ എടുത്തിരുന്നില്ലെന്നും മുത്തശ്ശി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അമ്മാ ആ പോസ്റ്റിനടുത്ത് വെള്ള കാർ കിടക്കുന്നുണ്ട്. അതിൽ രണ്ട് പേർ തങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നുവെന്നും അബിഗേലിന്റെ സഹോദരൻ പറഞ്ഞതായി മുത്തശ്ശി പറഞ്ഞു. എന്നാൽ അത് വെറുതെ തോന്നിയതാകും എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ ഒന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മുത്തശ്ശി പറഞ്ഞു.
അതേസമയം അബിഗേലിന്റെ തിരോധാനത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് പേരെയും, ശ്രീകാര്യത്ത് നിന്നും ഒരാളെയുമാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.












