തിരുവനന്തപുരം:ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ചതും അനധികൃത രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ആര്‍ടിഒമാര്‍ക്കും, ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.ശബരിമല തീര്‍ത്ഥാടനകാലമായതിനാല്‍ അപകടം നിയന്ത്രിക്കാനെന്ന പേരിലാണ് നിര്‍ദ്ദേശം.
കമ്പനി നിര്‍മിച്ചുനല്‍കിയതിനുപുറമേ, ഡ്രൈവറുടെ കാഴ്ച മറയ്ക്കുംവിധം വാഹനത്തിനുള്ളിലും പുറത്തുമുള്ള ലൈറ്റുകളും മറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. പിഴ ഈടാക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 13ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴചുമത്താനാണ് കോടതിയുടെ നിര്‍ദ്ദേശം. വാഹനത്തിന്റെ ഉടമയോ, ഡ്രൈവറോ ആണ് പിഴയടയ്ക്കേണ്ടത്. രൂപമാറ്റംവരുത്തി സര്‍വീസ് നടത്തിയാല്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്ക് അറിയിപ്പ് നല്‍കാനും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എംവിഡിയോട് പലതവണ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശബരിമലകാലത്ത് കൂടുതല്‍ ശ്രദ്ധ വേണമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംവിഡി നടപടി കടുപ്പിക്കുന്നത്.












