കൊല്ലം: ഒരു രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിൽ കൊല്ലം ഓയൂരിൽ നിന്ന് കാണാതായ ആറ് വയസുകാരിയെ തിരിച്ചു കിട്ടിയതിലുള്ള ആശ്വാസത്തിലും സന്തോഷത്തിലുമാണ് കേരളം. 21 മണിക്കൂർ അബിഗേൽ എന്ന ആറുവയസുകാരി വേണ്ടി രാപ്പകലില്ലാതെ കുഞ്ഞിന് വേണ്ടി തിരച്ചിൽ നടത്തിയവരുടെ അധ്വാനവും പ്രാർത്ഥനയുമാണ് ഉച്ചയോടെ ആശ്വാസവാർത്തയായി മാറിയത്. കുഞ്ഞിനെ തിരികെ ലഭിക്കാനായി കാത്തിരുന്നവരുടെ കണ്ണുകളിൽ ഇപ്പോൾ സന്തോഷത്തിന്റെ കണ്ണീരാണ്. ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പോലീസ് ഏറ്റെടുത്ത് എആർ ക്യാമ്പിലെത്തിച്ച കുഞ്ഞിനെ വൈദ്യ പരിശോധനക്ക് ശേഷം വീട്ടിലെത്തിക്കും.
അതേസമയം, കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിക്കും കേരള പോലീസിനും അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
‘മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്..’- എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ, പോസ്റ്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്. നാട്ടുകാർക്കും സോഷ്യൽ മീഡിയക്കുമാണ് അഭിനന്ദനം നൽകേണ്ടതെന്നും സാധാരണക്കാർ ചെയ്തതിൽ കൂടുതൽ ഒന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നുമാണ് കമന്റുകൾ. ഈ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് എടുക്കമെങ്കിൽ പോലീസിന്റെ വീഴ്ച്ചയുടെ ക്രെഡിറ്റ് കൂടി എടുക്കാൻ തയ്യാറാവണമെന്നും കമന്റുകൾ പറയുന്നു. കണ്ണടക്കാതെ കാവൽ നിന്ന പിണറായി സഖാവിന് അഭിനന്ദനങ്ങൾ എന്നും കമന്റുകൾ ഉണ്ട്.
കേരള പോലീസിന് നന്ദി അറിയിച്ചും ഒട്ടേറെ പേർ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്. അഹോരാത്രം കഠിനാധ്വാനം നടത്തിയ പോലീസിനും നാട്ടുകാർക്കും മൈതാനത്ത് കുട്ടിയെ കണ്ട ഉടൻ തിരിച്ചറിഞ്ഞ നാട്ടുകാർക്കും നിരവധി പേരാണ് അഭിനന്ദനമറിയിച്ചിട്ടുള്ളത്.
Discussion about this post