ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തകർന്ന സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തേക്ക് എത്തിക്കൽ ആരംഭിച്ചു. തുരങ്കത്തിന്റെ പ്രധാന ഭാഗത്തു വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആയിരിക്കും തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുക. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തുരങ്കത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.
ഉച്ചയ്ക്ക് ഒന്നരയോടെ സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് ബൻസി ധർ തിവാരി ഡ്രില്ലിംഗ് പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. തുരന്ന പാസേജിൽ എസ്‌കേപ്പ് പൈപ്പ് സ്ഥാപിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിരീകരിച്ചു. എല്ലാ തൊഴിലാളികളെയും ഉടൻ പുറത്തെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളെ പുറത്തേക്ക് എത്തിക്കുമ്പോൾ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യത്തിനായി നിരവധി ആംബുലൻസുകൾ ആണ് തുരങ്കത്തിനു മുൻപിലായി കാത്തുനിൽക്കുന്നത്. സിൽക്യാര തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് പൈപ്പ് സ്ഥാപിച്ചശേഷം സ്ട്രക്ചർ വഴിയാണ് തൊഴിലാളികളെ പുറത്തേക്ക് എത്തിക്കുന്നത്.
എൻഡിആർഎഫ് സംഘവും വൈദ്യസഹായത്തിനുള്ള സംഘവും തുരങ്കത്തിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. 41 തൊഴിലാളികളെയാണ് പുറത്തെത്തിക്കാനുള്ളത്. തൊഴിലാളികളുടെ കുടുംബാംഗങ്ങളും തുരങ്കത്തിനു മുന്നിലായി കാത്തുനിൽക്കുന്നുണ്ട്. 17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ആണ് ഇന്ന് അവസാനമാകുന്നത്.
Discussion about this post