എറണാകുളം : ഫുട്ബോൾ കളിക്കുന്നതിനിടയിൽ തെറിച്ചുപോയ പന്തെടുക്കാനായി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കടന്ന് ചെന്ന യുവാക്കൾ കണ്ടത് നടുക്കുന്ന കാഴ്ച. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു സംശയം തോന്നി അകത്തേക്ക് ചെന്ന് നോക്കിയപ്പോഴാണ് യുവാക്കൾ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വീടിനകത്ത് രക്തം തളം കെട്ടി കിടക്കുന്നു. രക്തത്തിൽ ചവിട്ടി ആരോ നടന്നതിന്റെ ചോര കാൽപ്പാടുകളും കാണാൻ കഴിഞ്ഞു.
സംഭവം കണ്ട് പരിഭ്രമിച്ച യുവാക്കൾ ഉടൻതന്നെ പോലീസിനെ വിവരം അറിയിച്ചു. 10 വർഷം മുമ്പ് ഈ വീട്ടിൽ വച്ച് സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. സുപ്രീംകോടതിയിൽ അഭിഭാഷകനായ ഈ വീടിന്റെ ഉടമസ്ഥൻ വർഷങ്ങളായി ഡൽഹിയിലാണ് താമസം. ഏതാനും നാളുകൾക്കു മുൻപ് വീട് വാടകയ്ക്ക് നൽകിയിരുന്നെങ്കിലും വൈകാതെ അവർ ഒഴിഞ്ഞു പോവുകയായിരുന്നു.
പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നടന്നത് മോഷണശ്രമം ആണെന്നാണ് പോലീസ് നിഗമനം. മോഷണത്തിനിടയിൽ പരിക്കേറ്റ കള്ളന്റെ രക്തമാണെന്ന് പോലീസ് അറിയിച്ചു. മുറിവേറ്റ ഭാഗം കഴുകാനായി കള്ളൻ വീട്ടിലെ പൈപ്പുകൾ തുറക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി. സമീപത്ത് സിസിടിവി ഇല്ലാത്തതിനാൽ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തിയശേഷം സംശയമുള്ള കള്ളന്മാരെ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
Discussion about this post