കൊല്ലം: ഓയൂരിൽ ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നതായി പോലീസിന് സംശയം. ആദ്യം കാറിലും അപിന്നീട് ഓട്ടോയിലും കയറ്റി ആശ്രാമം മൈതാനത്ത് എത്തിച്ചെന്നാണ് കുട്ടി പറഞ്ഞത്. തുടർന്ന് ഈ സ്ത്രീ ആശ്രാമം മൈതാനത്ത് നിന്ന് തന്നെ ഓട്ടോയിൽ കയറി പോയെന്നാണ് സൂചന. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. ഇത് കൂടാതെ കുട്ടി പറഞ്ഞ നീല കാറിനെ പറ്റിയും പോലീസ് അന്വേഷിക്കും. കുട്ടിയുടെ രക്തവും മൂത്രവും രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ലെന്നും തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്നും ആണ് പോലീസ് പറയുന്നത്.
കുട്ടിയെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. കുട്ടിയോട് സാവധാനം കാര്യങ്ങൾ ചോദിച്ചറിയാനാണ് പോലീസ് ശ്രമിക്കുന്നത്.
Discussion about this post