ഡെറാഡൂൺ : ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ 17 ദിവസത്തിലേറെ കുടുങ്ങിക്കിടന്ന ശേഷം പുറത്തുവന്ന തൊഴിലാളികൾക്ക് ചില അസാധാരണ കഥകളും സംഭവങ്ങളും പറയാനുണ്ട്. 41 തൊഴിലാളികൾ അടങ്ങിയ ഈ സംഘത്തിന് തുരങ്കത്തിന് അകത്ത് ഒരു നേതാവും ഉണ്ടായിരുന്നു. പ്രകാശിയിലെ തുരങ്കം നിർമ്മിക്കുന്ന പ്രദേശത്തിന് ഏതാണ്ട് അടുത്ത് തന്നെയുള്ള പൗരി ഗർവൾ സ്വദേശിയായ ഗബ്ബാർ സിംഗ് നേഗി ആയിരുന്നു തൊഴിലാളി സംഘത്തിന്റെ തലവൻ.
സമയം എടുത്താലും രക്ഷാദൗത്യം വിജയകരമായി പൂർത്തീകരിക്കുമെന്നും പുറത്തിറങ്ങാൻ കഴിയുമെന്നും സഹപ്രവർത്തകർക്ക് ധൈര്യവും ആത്മവിശ്വാസവും നൽകി കൂടെ നിന്നിരുന്ന വ്യക്തിയാണ് ഗബ്ബാർ സിംഗ് നേഗി. ഇതിനുമുൻപ് മൂന്നുതവണ ഇത്തരത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയ അനുഭവം ഉള്ളതുകൊണ്ടാണ് നേഗി തന്റെ സഹപ്രവർത്തകർക്ക് അതിജീവിക്കാനുള്ള പ്രചോദനമായത്. സർക്കാർ തങ്ങളെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹത്തിന് അത്രമേൽ ഉറപ്പായിരുന്നു.
കൂടെയുള്ള മറ്റു തൊഴിലാളികൾക്ക് അദ്ദേഹം ധൈര്യം പകർന്നു നൽകി. ദിവസങ്ങളോളം ഉള്ള കാത്തിരിപ്പിന് മനസ്സാന്നിദ്ധ്യം പകരാൻ അദ്ദേഹം സഹപ്രവർത്തകർക്ക് യോഗയും ധ്യാനവും പരിശീലിപ്പിച്ചു. രക്ഷാപ്രവർത്തന ദൗത്യം നീണ്ടുപോകുമ്പോൾ തളരാതിരിക്കാൻ ആയി ഇത് ആ തൊഴിലാളികളെ വളരെയേറെ സഹായിച്ചു. ഒടുവിൽ രക്ഷാപ്രവർത്തന ദൗത്യം വിജയത്തിലേക്ക് എത്തിയപ്പോൾ താൻ സീനിയർ ആണെന്നും മറ്റ് എല്ലാവരെയും പുറത്തിറക്കിയിട്ട് ഏറ്റവും ഒടുവിൽ മാത്രമേ താൻ പുറത്തിറങ്ങൂ എന്നും പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം വീണ്ടും മാതൃകയായി.
ഗബ്ബാർ സിംഗ് നേഗി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ദിവസങ്ങളത്രയും അദ്ദേഹത്തിന്റെ സഹോദരൻ പുറത്തു തന്നെ കാത്തുനിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തക സംഘം തുരങ്കത്തിനകത്ത് ഉള്ളവരുമായി ആശയവനിമയം നടത്താൻ കുടുംബങ്ങളെ അനുവദിച്ചിരുന്നതിനാൽ പലർക്കും കുടുംബങ്ങളോട് സംസാരിക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും നേഗിയുടെ നേതൃത്വത്തെ പ്രശംസിച്ചതായി സഹോദരൻ വ്യക്തമാക്കി. ഇപ്പോൾ രാജ്യം മുഴുവൻ താരമാണ് ഗബ്ബാർ സിംഗ് നേഗി.
Discussion about this post